ഈരാറ്റുപേട്ട: നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ ജനങ്ങളുടെ ദുരിതത്തിന് പരിഹാരമെന്ന നിലയില്‍ അടുത്തിടെ പുതുതായി ടാറിംഗ് നടത്തിയ റോഡുകള്‍ ഒരാഴ്ച പോലും പിന്നിടും മുമ്പ് പൊട്ടിപ്പൊളിഞ്ഞ് നശിക്കുന്നതായി പരാതി.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ടെന്‍ഡര്‍ നടപടികളിലൂടെ നടപ്പാക്കിയ റോഡുകളുടെ നിലവാരം സംബന്ധിച്ച് ഗുരുതരമായ ആശങ്കയാണ് ഇതോടെ ഉയരുന്നത്. പുതുതായി ടാറിംഗ് നടത്തിയ റോഡുകള്‍ ഇത്രയും വേഗത്തില്‍ തകരാനുള്ള കാരണം അധികൃതര്‍ ഗൗരവമായി പരിശോധിക്കണം. റോഡ് നിര്‍മാണത്തിലെ സാങ്കേതിക നിലവാരം, ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരം, പ്രവൃത്തിയുടെ മേല്‍നോട്ടം എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ട്.
ടാറിംഗ് പ്രവൃത്തിയില്‍ ക്രമക്കേടുകളോ അഴിമതിയോ നടന്നിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.
വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും എസ്ഡിപിഐ മുന്‍സിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. റോഡ് നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിച്ച് ഗുണനിലവാരമുള്ള റോഡുകള്‍ ഉറപ്പാക്കുന്നതിനും ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമായി ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് എസ്ഡിപിഐ മുന്‍സിപ്പല്‍ കമ്മിറ്റി അറിയിച്ചു.
പ്രസിഡന്റ് അന്‍സാരി ഈലക്കയം അധ്യക്ഷതവഹിച്ചു. സെക്രട്ടറി എസ്എം ഷാഹിദ്, വൈസ് പ്രസിഡന്റുമാരായ അബ്ദുല്‍ ലത്തീഫ്, കെ യു സുല്‍ത്താന്‍, ജോ.സെകട്ടറി എം കെ റാഷിദ്, ജലീല്‍ കെകെപി, അന്‍വര്‍ സാദിഖ്, സി എസ് മുജീബ്, അന്‍സാര്‍ പാറനാന്നി, സബീര്‍ മാടംതോട്ടില്, ഷിഹാസ് എംഎച്ച് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഗുണനിലവാരമില്ലാതെ നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ല. ഭരണസമിതിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് ഇത്തരം സാഹചര്യങ്ങള്‍ക്ക് കാരണമാകുന്നതെങ്കില് അതിനും ഉത്തരവാദിത്തം നിശ്ചയിക്കണം.






