ഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും എസ്ഐആര്‍ നടപടിക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ കോണ്‍സ്റ്റിറ്റ്യൂഷണല്‍ കണ്ടക്ട് ഗ്രൂപ്പ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം സ്വതന്ത്രവും നിഷ്പക്ഷവുമായ നിലയില്‍ നിന്ന് വ്യതിചലിച്ചെന്നും എസ്ഐആറിലൂടെ വോട്ടര്‍പട്ടികയില്‍ വലിയ തോതില്‍ ക്രമക്കേടുകള്‍ക്ക് വഴിയൊരുക്കിയെന്നും കൂട്ടായ്മ ആരോപിച്ചു. ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നും എസ്ഐആര്‍ നടപടികള്‍ പൂര്‍ണമായി റദ്ദാക്കണമെന്നും ഇവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഏതാനും വര്‍ഷങ്ങളായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയിലെ തകർച്ചക്ക് തങ്ങള്‍ സാക്ഷ്യംവഹിക്കുകയാണെന്ന് കത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. സമീപകാലത്തായി പ്രവര്‍ത്തനം ഏകാധിപത്യപരമായി മാറി. ഇതിന് പ്രധാന കാരണം സുപ്രിംകോടതി വിധിയെ പോലും ലംഘിച്ചുകൊണ്ട് പാസാക്കിയ നിയമത്തിലൂടെ നിയമിക്കപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ എന്ന വ്യക്തിയാണ്. കമ്മീഷനിലെ മൂന്ന് അംഗങ്ങളും സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ത്തതിന് ഉത്തരവാദികളാണെങ്കിലും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് ഇതിന്റെ പ്രധാന ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് -പ്രസ്താവനയില്‍ പറയുന്നു.
എസ്ഐആര്‍ നടപടികള്‍ മതിയായ ചര്‍ച്ചയോ കൂടിയാലോചനയോ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനമോ ഇല്ലാതെയാണ് നടപ്പാക്കിയതെന്ന് പ്രസ്താവന കുറ്റപ്പെടുത്തി. യഥാര്‍ഥ വോട്ടര്‍മാരുടെ പേരുകള്‍ വ്യാപകമായി ഒഴിവാക്കപ്പെട്ടു. രാജ്യത്തെ 15-16 ശതമാനം വരെ വോട്ടര്‍മാരെ ബാധിക്കുന്ന തരത്തില്‍ പേരുകള്‍ നീക്കം ചെയ്യപ്പെടുന്നു. പ്രധാനമായും ന്യൂനപക്ഷങ്ങള്‍, പാര്ശ്വവല്ക്കരിക്കപ്പെട്ടവര്, വയോധികര്‍ എന്നിവരെ ഇത് സാരമായി ബാധിക്കുന്നു. വേഗത്തിലുള്ള പരിഹാര നടപടികള്‍ക്കുള്ള അവസരവുമില്ല.
ഫോം 6ല്‍ വരുത്തിയ മാറ്റങ്ങളും ഇലക്ടറല്‍ റോളുകള്‍ കേന്ദ്രീകരിക്കുന്നതിനായി ഇസിഐ നെറ്റ് അവതരിപ്പിച്ചതും ഗുരുതര പ്രശ്നങ്ങളാണെന്ന് മുന്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചു. രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും നിരവധി തീരുമാനങ്ങളില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
മറ്റ് രണ്ട് ഇലക്ഷന് കമ്മീഷണര്‍മാരും തികച്ചും കുറ്റമറ്റവരാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങളോട് അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കാം. എന്നാല്‍ ദശലക്ഷക്കണക്കിന് വോട്ടര്‍മാരുടെ വോട്ടവകാശം നിഷേധിച്ച് എസ്ഐആര്‍ നടത്തുന്നതിനെ അവര്‍ തുറന്ന് എതിര്‍ക്കാതെ നടപ്പാക്കാന്‍ അനുവാദം നല്കി.
സെപ്റ്റംബര്‍ 26ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൊണ്ട തീരുമാനങ്ങള്‍ നേരത്തെയുള്ള ആശങ്കകള്‍ സ്ഥിരീകരിക്കുന്നതാണെന്നും ഇവര്‍ അവകാശപ്പെട്ടു. പഴയ ഫോം 6 ഉപയോഗിക്കാനുള്ള തീരുമാനവും ഇസിഐ നെറ്റിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും വോട്ടര്‍മാരെ നിയമവിരുദ്ധമായി നീക്കിയത് തിരുത്താന്‍ പ്രത്യേക ഡ്രൈവ് പ്രഖ്യാപിച്ചതും മുന്‍ തീരുമാനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ സ്ഥിരീകരിക്കുന്നതാണ് -പ്രസ്താവനയില്‍ പറയുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നും എസ്ഐആര്‍ നടപടികള്‍ പൂര്‍ണമായി റദ്ദാക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. എസ്ഐആറിലൂടെ തയ്യാറാക്കിയ വോട്ടര്‍പട്ടികകള്‍ ഗ്രാമസഭകളിലും മുനിസിപ്പല്‍ വാര്‍ഡുകളിലും പൊതുഓഡിറ്റിന് വിധേയമാക്കണം. നിലവിലെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകളുടെ സാധുത പുനഃസ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023ലെ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സന്ദീപ് ബാഗ്ചീ, യുപി ഭരണപരിഷ്കാര കമ്മീഷന് മുന്‍ ചെയര്മാന് ജെ.എല്‍ ബജാജ്, പശ്ചിമ ബംഗാള്‍ മുന്‍ അഡി. ചീഫ് സെക്രട്ടറി ജി. ബാലചന്ദ്രന്, തുടങ്ങി വിരമിച്ച 74 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ് പ്രസ്താവന പുറത്തിറക്കിയത്.






