അരീക്കോട് : മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വഴക്കിടുന്നതിനിടെ അടുപ്പിലുണ്ടായിരുന്ന കഞ്ഞിവെള്ളം മകളുടെ ദേഹത്ത് ഒഴിച്ച പിതാവ് അറസ്റ്റിൽ.
ഊർങ്ങാട്ടിരി പഞ്ചായത്തിലെ കക്കാടംപൊയിൽ കരിമ്പ് ഉന്നതിയിലെ നാടുവാഴി വീട്ടിൽ എം. മജു (47) ആണ് അറസ്റ്റിലായത്. മദ്യപിച്ച് വീട്ടിലെത്തിയ മജു ഭാര്യയുമായി വഴക്കിടുന്നതിനിടെ അടുപ്പിലുണ്ടായിരുന്ന തിളച്ച കഞ്ഞിവെള്ളം ഭാര്യയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഭാര്യ പെട്ടെന്ന് ഒഴിഞ്ഞുമാറിയതോടെ സമീപത്തുണ്ടായിരുന്ന എട്ടുവയസുകാരിയായ മകളുടെ ദേഹത്തേക്ക് തിളച്ച വെള്ളം വീഴുകയായിരുന്നു.
കാലിന് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ മജു തന്നെയാണ് ആദ്യം ആശുപത്രിയിലെത്തിച്ചത്. എന്നാൽ പിന്നീട് ഇയാൾ ആശുപത്രിയിൽനിന്ന് മുങ്ങി. തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡിവൈ.എസ്.പി. എ.ജെ. ജോൺസൺ, അരീക്കോട് ഇൻസ്പെക്ടർ സി.ആർ. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ കഴിയുകയായിരുന്ന മജുവിനെ ചുണ്ടത്തുപൊയിലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






