തിരുവനന്തപുരം: ജയില്‍ശിക്ഷാവേളയില്‍ തനിക്കെതിരേയുള്ള റിപ്പോർട്ട് നല്കിയ ജയില്‍വകുപ്പ് ഉദ്യോഗസ്ഥനെ ചാല മാർക്കറ്റില്‍വെച്ച് വധിക്കാൻ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍.
പൂജപ്പുര ജയിലിലെ അസി. പ്രിസണ്‍ ഓഫീസർ പ്രജിത്തിനെ ആക്രമിച്ച കേസിലെ പ്രതി കിള്ളിപ്പാലം സ്വദേശി ആശിഷിനെയാണ് രണ്ടുമാസത്തിനുശേഷം വീടുവളഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടുമാസം മുൻപ് പ്രജിത് ഭാര്യയോടൊപ്പം ചാല മാർക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാൻ എത്തിയപ്പോള്‍ ആശിഷ് പ്രജിത്തിനെ ആക്രമിക്കുകയായിരുന്നു. പ്രതി ജയിലില്‍ കിടന്നപ്പോള്‍ പ്രജിത്ത് ഇയാള്‍ക്കെതിരേ ജയില്‍ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കാണിച്ച് സൂപ്രണ്ടിന് റിപ്പോർട്ട് നല്‍കിയിരുന്നു. ഈ വൈരാഗ്യമായിരുന്നു ആക്രമണത്തിന് കാരണം. പ്രജിത്തിന്റെ ഭാര്യ ബഹളംവെച്ചതോടെ പ്രതി കടന്നുകളഞ്ഞു.
കേരളത്തില്‍നിന്ന് മുങ്ങിയ ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മധുരയിലേക്കും അവിടെനിന്ന് ബെംഗളൂരുവിലേക്കും പിന്നീട് ഹൈദ്രാബാദിലേക്കും കടന്നതായി വിവരം കിട്ടി. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച ഇയാള്‍ പുത്തൻകോട്ടയിലെ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെത്തുടർന്ന് ഫോർട്ട് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.






