ഈരാറ്റുപേട്ട : ഇക്കഴിഞ്ഞ ആഗസ്റ്റ് 1ന് ഈരാറ്റുപേട്ടയിലുണ്ടായ മഹാ പ്രളയത്തിന് പിന്നാലെ ദുരന്തങ്ങളെ എങ്ങനെ നേരിടണമെന്നതിന് ഈരാറ്റുപേട്ട ഒരു മാതൃകയായിരിക്കുകയാണ്. നഗരസഭാ ചെയർപേഴ്സൺ അഡ്വ വിപി നാസറിൻ്റെ നേതൃത്വത്തിൽ നഗരസഭയും, ഈരാറ്റുപേട്ട പൗരാവലിയും സംയുക്തമായി ആരംഭിച്ച സൗഹൃദ കിച്ചനിലൂടെയും തുടർന്ന് നടത്തിയ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെയുമാണ് ഈരാറ്റുപേട്ട പുതിയ മാതൃക സൃഷ്ടിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് ഈരാറ്റുപേട്ട നഗരസഭയും ദുരന്തത്തിൽ എങ്ങനെ ഒരുമിച്ച് നിൽക്കണമെന്ന് ഈരാറ്റുപേട്ടയിലെ ജനങ്ങളും കാണിച്ചു കൊടുത്തു. കൂടാതെ പ്രളയദുരിദാശ്വാസ പാക്കേജ് ഉൾപ്പെടെയുള്ള സഹായ പ്രവർത്തനങ്ങളുടെ വരവ്–ചെലവ് കണക്കുകൾ ചെയർപേഴ്സൺ അഡ്വ വിപി നാസർ പുറത്തുവിട്ടു.
37,11,701 രൂപയാണ് ആകെ വരവ്. 4 ദിവസത്തെ ഭക്ഷണം ദുരിതബാധിതർക്ക് കമ്മ്യൂണിറ്റി കിച്ചൻ വഴി നൽകിയ വകയിൽ ചിലവായത് 3,53,423 രൂപയാണ്. കൂടാതെ ദുരിതബാധിതർക്ക് വിതരണം ചെയ്യാനായി ബെഡ്, ഗ്യാസ് സ്റ്റൗ, കുക്കർ, അയൺ ബോക്സ് തുടങ്ങിയ വീട്ടുപകരണങ്ങൾ പർച്ചേസ് ചെയ്ത വകയിൽ 30,18,278 രൂപയാണ് ചിലവായത്. അവശ്യസാധനങ്ങൾ ആവശ്യാനുസരണം പർച്ചേസ് ചെയ്യാൻ വീടുകളിൽ നൽകിയ പർച്ചേസ് കൂപ്പൺ നൽകിയത് 3, 40,000 രൂപക്കാണ്.
വീട്ടുപകരണങ്ങളും മറ്റുമായി തുക കൂടാതെ 20 ലക്ഷത്തിലധികം രൂപയുടെ മെറ്റീരിയൽസ് നഗരസഭയും പൗരാവലിയും ചേർന്ന് നടത്തിയ കമ്യൂണിറ്റി കിച്ചണിലേക്കും, കളക്ഷൻ സെൻററിലേക്കും ലഭിക്കുകയുണ്ടായി.
ഇതുകൂടാതെ വ്യാപാര വ്യാവസായി ഏകോപന സമിതി, ദക്ഷിണ കേരള ജംയ്യത്തുൽ ഉലമാ, മുസ്ലിം ലീഗ് , സിപിഎം വെൽഫയർ പാർട്ടി, എസ്ഡിപിഐ മുജാഹിദ് വിഭാഗങ്ങൾ, പ്രവാസി സംഘടനകൾ, ഈരാറ്റുപേട്ട കൊച്ചി ചാപ്റ്റർ , വ്യാവസായ ഗ്രൂപ്പായ അജ്മി, കെകെ, തൊട്ടുപുഴ അൽഅസ്ഹർ ഗ്രൂപ്പുകൾ ദുരിത ബാധിതരെ സഹായിക്കാനായി ലക്ഷങ്ങളാണ് ചെലവഴിച്ചത്.
ഈരാറ്റുപേട്ടയിലെ ടീം റെസ്ക്യൂ ടീമുകളായ നന്മക്കൂട്ടം, ടീം എമർജൻസി , ടീം റെസ്ക്യൂ ഫോഴ്സ് എന്നീ സംഘടനകൾ പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിച്ച് രക്ഷാപ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. കൂടാതെ പൂഞ്ഞാർ എംഎൽഎ എംജെ സെബാസ്റ്റ്യനും ആൻ്റോ ആൻ്റണി എംപിയും പ്രളയബാധിതർക്ക് ഭക്ഷ്യ കിറ്റുകൾ നൽകുകയുണ്ടായി. ദുരിതകാലത്ത് ഒപ്പം നിന്ന ഓരോ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും നന്ദി അറിയിക്കുന്നതായി ചെയർപേഴ്സൺ അഡ്വ. വിപി നാസർ വ്യക്തമാക്കി.






