ഭൂമിയിൽ നിന്ന് ഏകദേശം 1,300 പ്രകാശവർഷം അകലെയുള്ള വിചിത്ര ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ രത്നങ്ങളോട് സാമ്യമുള്ള ഘടനകൾ ശാസ്ത്രജ്ഞർ കണ്ടെത്തി.ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് ഡബ്ല്യുഎഎസ്പി-17ബി എന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭിച്ചത്. മാർഷ്മലോ അഥവാ പഞ്ഞിമിഠായി പോലെ കുറഞ്ഞ സാന്ദ്രതയുള്ള ഈ ഗ്രഹം അത്യധികം ചൂടുള്ളതാണെന്നും പറയുന്നു .
വ്യാഴത്തിന്റെ പിണ്ഡത്തിന്റെ ഏകദേശം 0.8 മടങ്ങ് പിണ്ഡമുള്ള ഡബ്ല്യുഎഎസ്പി-17ബി മാർഷ്മലോ അഥവാ സ്പോഞ്ച് പോലെയുള്ള ഗ്രഹമാണെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത് . ഇത് വ്യാഴത്തിന്റെ ഇരട്ടി വീതിയുള്ള ഗ്രഹമാണ്. കുറഞ്ഞ സാന്ദ്രത കാരണം ഇതിനെ ‘സൂപ്പർ പഫ്’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാതൃനക്ഷത്രത്തോട് വളരെ അടുത്തായതിനാൽ നാല് ഭൂമിദിവസങ്ങൾക്കുള്ളിൽ ഗ്രഹം ഒരു ഭ്രമണം പൂർത്തിയാക്കും. നക്ഷത്രത്തിൽ നിന്നുള്ള തീവ്രമായ ചൂട് കാരണം ഗ്രഹത്തിന്റെ അന്തരീക്ഷത്തിലും അസാധാരണമായ മാറ്റങ്ങളുണ്ടെന്ന് ഗവേഷകർ പറയുന്നു .
‘ട്രാൻസ്മിഷൻ സ്ട്രിങ്സ്’ എന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗവേഷകർ ഈ ഗ്രഹത്തിന്റെ അന്തരീക്ഷം പഠിച്ചത്. അന്തരീക്ഷം വളയത്തിന്റെ ആകൃതിയിലാണെന്നും ചില ഭാഗങ്ങളിൽ രത്നങ്ങൾ ഉയർന്നുനിൽക്കുന്നതുപോലുള്ള ഘടനകളുണ്ടെന്നും പഠനത്തിൽ കണ്ടെത്തുകയായിരുന്നു . ഗ്രഹത്തിന്റെ ഒരു വശം എപ്പോഴും മാതൃനക്ഷത്രത്തിന് അഭിമുഖമായിരിക്കും. ഈ പകൽവശം ശക്തമായ വികിരണത്തിന് വിധേയമാകുമ്പോൾ മറുവശത്തുള്ള രാത്രിവശം താരതമ്യേന തണുപ്പുള്ളതാണ്. ചൂടുള്ള കാറ്റുകൾ ഗ്രഹത്തിന്റെ ഭൂമധ്യരേഖയിലേക്കും രാത്രിവശത്തേക്കും എത്തുന്നതാണ് അന്തരീക്ഷത്തിലെ ഈ സവിശേഷ ഘടനകൾക്ക് കാരണമാകുന്നതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. തണുപ്പുള്ള രാത്രിവശത്ത് അന്തരീക്ഷം വികസിക്കുന്നതായും കണ്ടെത്തി.






