കോട്ടയം: മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ. ശാരീരിക പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന് വെള്ളിത്തിരയില്‍ തന്റേതായ ഇടം നേടിയെടുത്ത അദ്ദേഹം, സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്.
കുടുംബത്തോടൊപ്പമുള്ള സന്തോഷനിമിഷങ്ങളും രസകരമായ വീഡിയോകളുമെല്ലാം ഗിന്നസ് പക്രു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, ഇളയ മകള്‍ ദ്വിജ കീർത്തിക്കൊപ്പമുള്ള രസകരമായൊരു റീല്‍ വീഡിയോയാണ് ഗിന്നസ് പക്രു പോസ്റ്റ് ചെയ്തിരിക്കുന്നത്.
മകളുടെ കളിപ്പാട്ടമായ കുട്ടി ബെൻസ് ജീപ്പ് ഓടിച്ച് വീട്ടുമുറ്റത്തൂടെ കറങ്ങുന്ന ഗിന്നസ് പക്രുവിനെയാണ് വീഡിയോയില്‍ കാണാൻ സാധിക്കുന്നത്. പക്രു വണ്ടി ഓടിച്ചുകൊണ്ട് വരുമ്പോള്‍, തന്റെ 'ബെൻസ്' എടുത്തതിലുള്ള പരിഭവത്തോടെ ഗൗരവത്തില്‍ നോക്കിനില്ക്കുന്ന മകളെയും വീഡിയോയില്‍ കാണാം.
ബെൻസ് എടുത്തു. ഓണറിന് തന്നെ തിരിച്ചും കൊടുത്തു," എന്ന രസകരമായ അടിക്കുറിപ്പോടെയാണ് പക്രു ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദീപ്ത കീർത്തി, ദ്വിജ കീർത്തി എന്നിങ്ങനെ രണ്ട് പെണ്മക്കളാണ് പക്രുവിനുള്ളത്.
1984-ല്‍ പുറത്തിറങ്ങിയ 'അമ്പിളി അമ്മാവൻ' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അജയ് കുമാർ സിനിമയിലേക്ക് എത്തുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മലയാള സിനിമയിലും സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമാണ് അദ്ദേഹം. അഭിനയത്തിന് പുറമെ സംവിധാനത്തിലും നിർമ്മാണത്തിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2013-ല്‍ പുറത്തിറങ്ങിയ 'കുട്ടീം കോലും' എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ ഏറ്റവും ഉയരം കുറഞ്ഞ സംവിധായകൻ എന്ന നേട്ടം സ്വന്തമാക്കുകയും ലിംക ബുക്ക് ഓഫ് റെക്കോർഡ്സില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു.






