ഹരിപ്പാട്: കള്ളനോട്ട് മാറാൻ ശ്രമിക്കുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളിയെ വീയപുരം പൊലീസ് പിടികൂടി. ചെറുതന ആയാപറമ്പ് ആലിൻചുവട് ജങ്ഷനു സമീപമുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ പശ്ചിമബംഗാള്‍ മാള്‍ഡ സ്വദേശി ഭൂവൻ മണ്ഡല് (50) ആണ് പിടിയിലായത്.
കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം ഭൂവൻ മണ്ഡല് 100 രൂപയുടെ 12 നോട്ടുകള്‍ നല്കി.
ഒരുമിച്ച് ഇത്രയധികം പഴയ നോട്ടുകള്‍ ലഭിച്ചതിലും അവയുടെ പ്രത്യേകതയിലും സംശയം തോന്നിയ കടയുടമ സുനില്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ഇയാളുടെ കൈവശം 100 രൂപയുടെ 51 പഴയ നോട്ടുകള്‍ കൂടി കണ്ടെത്തി. പിടിച്ചെടുത്ത നോട്ടുകള്‍ ഹരിപ്പാട് എസ്ബിഐ ശാഖയില്‍ പരിശോധിച്ചതില്‍ കള്ളനോട്ടാണെന്ന് സ്ഥിരീകരിച്ചു. വീയപുരം പൊലീസ് തുടർനടപടികള്‍ സ്വീകരിച്ചു.






