തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല നഗരമധ്യത്തില്‍നിന്ന് മറ്റൊരു വിശാലമായ പ്രദേശത്തേക്ക് മാറ്റണമെന്ന മുഖ്യമന്ത്രി വി.ഡി.
സതീശന്റെ നിർദേശത്തെ ചൊല്ലിയുള്ള ചർച്ചകള്‍ തുടരുകയാണ്. മുഖ്യമന്ത്രിയുടെ നിലപാടിനെ അനുകൂലിച്ചും എതിർത്തും വിവിധ മേഖലകളില്‍നിന്നുള്ളവർ പ്രതികരിക്കുന്നതിനിടെ, ആശയത്തോട് യോജിപ്പ് പ്രകടിപ്പിച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷും രംഗത്തെത്തി.
നഗരമധ്യത്തില്‍ മൃഗശാല പ്രവർത്തിക്കുന്നത് അപൂർവയിനം മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് മേയറുടെ വിലയിരുത്തല്‍. മൃഗങ്ങള്‍ ചത്തുപോകുന്ന സാഹചര്യമുണ്ടെന്നും രോഗങ്ങള്‍ പടരുമ്പോള്‍ സമീപവാസികള്‍ ആശങ്കയിലാകാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൃഗങ്ങള്‍ കൂടുകളില്‍നിന്ന് പുറത്തുകടക്കുന്ന സംഭവങ്ങളിലും പ്രദേശവാസികള്‍ക്ക് ഭീതിയുണ്ടാകുന്നതായി മേയർ പറഞ്ഞു.
അതേസമയം, പൂജപ്പുരയില്‍ പ്രവർത്തിക്കുന്ന സെൻട്രല്‍ ജയിലും നിലവിലെ സ്ഥലത്തുനിന്ന് മാറ്റുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കണമെന്ന അഭിപ്രായവും മേയർ മുന്നോട്ടുവച്ചു. ജയില്‍ പൂജപ്പുരയില്‍ സ്ഥാപിച്ച കാലത്തുണ്ടായിരുന്ന സാഹചര്യങ്ങളല്ല ഇപ്പോഴുള്ളതെന്നും അതിനാല്‍ ഇക്കാര്യത്തിലും സർക്കാർ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് സംഘടിപ്പിച്ച 'റീ ഇമേജിനിങ് റൗണ്ട് ടേബിള്‍' സമ്മേളനത്തിനിടെയാണ് മൃഗശാല നഗരമധ്യത്തില്‍നിന്ന് കൂടുതല്‍ വിശാലമായ വനമേഖലയിലേക്ക് മാറ്റണമെന്ന ആശയം മുഖ്യമന്ത്രി മുന്നോട്ടുവച്ചത്.
നഗരത്തിലെ തിരക്കേറിയ റോഡുകളും സമീപത്ത് നടക്കുന്ന പൊതുപരിപാടികളുമെല്ലാം മൃഗങ്ങള്‍ക്ക് ശബ്ദമലിനീകരണത്തിന് കാരണമാകുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മൃഗങ്ങള്‍ക്ക് അവരുടേതായ സ്വാഭാവിക ആവാസവ്യവസ്ഥ ആവശ്യമാണെന്നും മൃഗശാല നെയ്യാറിലേക്കോ മറ്റേതെങ്കിലും വനമേഖലയിലേക്കോ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മൃഗശാല നിലവില്‍ പ്രവർത്തിക്കുന്ന സ്ഥലം നഗരത്തിലെ പ്രധാന പൊതുസ്ഥലമായി വികസിപ്പിക്കാമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ന്യൂയോർക്കിലെ മാഡിസണ്‍ സ്ക്വയറിനോ പ്രാഗ് സ്ക്വയറിനോ സമാനമായ രീതിയില്‍ പ്രദേശത്തെ മനോഹരമായ ഒരു സ്ക്വയറാക്കി മാറ്റാനാകുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റില്‍ ഉള്‍പ്പെടാത്ത ഒരു പദ്ധതിയെക്കുറിച്ച് ആദ്യമായാണ് താൻ പരസ്യമായി പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ നിർദേശത്തിനെതിരെ സിപിഎം നേതാവും മുൻ എംഎല്‍എയുമായ വി.കെ. പ്രശാന്തും പ്രതികരിച്ചു. മൃഗശാലയും മ്യൂസിയവും നിലവിലെ സ്ഥലത്തുനിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ മുൻപും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍ വാണിജ്യതാല്പര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും മൃഗശാലയുടെ സ്ഥലം മുതലാളിമാർക്ക് കൈമാറാനുള്ള ശ്രമമാണോയെന്ന സംശയം ഉയരുന്നതായും വി.കെ. പ്രശാന്ത് പ്രതികരിച്ചു.






