കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സ്വാതന്ത്ര്യത്തിന്റെയും സ്വയംശീർഷകത്വത്തിന്റെയും പ്രതീകമായ കാതോലിക്കേറ്റ് മലങ്കരയിൽ സ്ഥാപിച്ചതിന്റെ 114 -ാം വാർഷികം ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിക്കുന്നു.
കാതോലിക്കേറ്റ് സ്ഥാപന വാർഷികത്തിനും മലങ്കര യുവതയുടെ കരുത്ത് വിളിച്ചറിയിക്കുന്ന മലങ്കര നസ്രാണി യുവജന
സംഗമത്തിനും 2026 സെപ്റ്റംബർ 20ന് കോട്ടയം തിരുനക്കര മൈതാനം വേദിയാകും. ഉച്ചയ്ക്ക് രണ്ടിന് ആയിരങ്ങൾ അണിനിരക്കുന്ന റാലി കോട്ടയം മാർ ഏലിയാ കത്തീഡ്രലിൽ നിന്ന് ആരംഭിക്കും.
തുടർന്ന് ചേരുന്ന പൊതുസമ്മേളനം കേരളത്തിന്റെ ബഹു.ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യുവജനപ്രസ്ഥാനം പ്രസിഡന്റ് അഭി.ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ
അനുഗ്രഹസന്ദേശം നൽകും. കേരള നിയമസഭാ സ്പീക്കർ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യ അതിഥിയാകും.
മലങ്കരസഭയുടെ വലിയമെത്രാപ്പോലീത്താ അഭി.കുറിയാക്കോസ് മാർ ക്ലിമ്മീസ് യുവജനസന്ദേശം നൽകും. കോട്ടയം ഭദ്രാസനാധിപൻ അഭി.ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ കാതോലിക്കേറ്റ് സ്ഥാപന വാർഷിക പ്രഭാഷണം നടത്തും.
മെത്രാപ്പോലീത്താമാരായ അഭി. ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, അഭി.ഡോ.മാത്യൂസ് മാർ തീമോത്തിയോസ്, അഭി. ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ്, അഭി. ഡോ.ഏബ്രഹാം മാർ സെറാഫിം, ശ്രീ ഫ്രാൻസിസ് ജോർജ് എം.പി, എം ശ്രീ. കെ എൻ ബാലഗോപാൽ, ശ്രീ ബി.ബി.ഗോപകുമാർ, ശ്രീ റെജി ചെറിയാൻ, ശ്രീ അബിൻ വർക്കി, കോട്ടയം മുനിസിപ്പൽ ചെയർമാൻ ശ്രീ. എം പി സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോഷി ഫിലിപ്പ്, സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സാമൂഹ്യപ്രവർത്തക മരിയ ഉമ്മൻ തുടങ്ങി സാമുദായിക - സാംസ്ക്കാരിക -
രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുക്കും. സോദരന് ഒരു സൗധം പദ്ധതിയുടെ മൊബൈൽ ആപ്ലിക്കേഷൻ ശ്രീ.ഫ്രാൻസിസ് ജോർജ് എം.പി പുറത്തിറക്കും.
സഭയുടെ ചരിത്രപരമായ മുന്നേറ്റത്തിൽ കാതോലിക്കേറ്റ് സ്ഥാപനത്തിനുള്ള പ്രാധാന്യം നിസ്തുലമാണെന്ന് ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ പറഞ്ഞു. യുവസമൂഹത്തെ സഭാസ്നേഹത്തിലും, സാമൂഹ്യസേവനത്തിലും ഉറപ്പിച്ച് നിർത്തുന്നതിൽ ഇത്തരം സംഗമങ്ങൾ ദിശാബോധം നൽകുമെന്നും മെത്രാപ്പോലീത്താ കൂട്ടിച്ചേർത്തു.
വാർത്താസമ്മേളനത്തിൽ ഒ.സി.വൈ.എം പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ, വൈസ് പ്രസിഡന്റ് ഫാ ജെയിൻ സി മാത്യു, ജനറൽ സെക്രട്ടറി ഫാ വിജു ഏലിയാസ്, ട്രഷറാർ രെഞ്ചു എം ജോയ്, റിജീയണൽ സെക്രട്ടറി ഡാനി രാജു, റോണി ചേലമറ്റം, നെവിൻ കുരുവിള തോമസ്, അരുൺ പി ജോൺ എന്നിവർ പങ്കെടുത്തു.






