തിരുവനന്തപുരം: ജില്ലാ ക്രൈംബ്രാഞ്ചിന്റെ പേര് മാറ്റാൻ ഉന്നതതല യോഗത്തില്‍ തീരുമാനം. ഡിസ്ട്രിക്ട് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (ഡിഐയു) എന്നായിരിക്കും പുതിയ പേര്.
ജില്ലാ എസ്പി, കമ്മീഷണർ എന്നിവരുടെ ചുമതലയില്‍ വരുന്ന കേസുകളാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് മുൻപ് പ്രത്യേകം അന്വേഷിക്കേണ്ട പ്രധാനപ്പെട്ട കേസുകളാണ് സാധാരണയായി ജില്ലാ ക്രൈം ബ്രാഞ്ചിന് നല്‍കുന്നത്.
ജില്ലാ ക്രൈംബ്രാഞ്ച് ശക്തിപ്പെടുത്തണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ട്. എസ്എച്ച്ഒമാരുടെ ചുമതല എസ്ഐമാർക്ക് നല്കിയപ്പോള് ഇൻസ്പെക്ടർമാരുടെ തസ്തികകളും മാറ്റപ്പെട്ടിരുന്നു. ഈ തസ്തികകള്‍ ജില്ലാ ക്രൈംബ്രാഞ്ചില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രത്യേക വിദഗ്ദ്ധ അന്വേഷണ ഏജൻസിയാക്കി മാറ്റുകയാണ് ലക്ഷ്യം. കഴിഞ്ഞദിവസം ചേർന്ന എഡിജിപിമാരുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം.






