ഡൽഹി: പെണ്‍കുട്ടികള്‍ എന്ത് വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും വസ്ത്രധാരണം ആണ്‍കുട്ടികളെ വഴിതെറ്റിക്കുമെന്ന വാദം അങ്ങേയറ്റം ഖേദകരവും അംഗീകരിക്കാനാവാത്തതുമാണെന്നും ഡല്‍ഹി ഹൈക്കോടതി.
2013-ലെ ഒരു ലൈംഗികാതിക്രമ കേസില്‍ പ്രതിയ്ക്ക് ശിക്ഷ വിധിക്കവെയാണ് ജസ്റ്റിസ് ചന്ദ്രശേഖരൻ സുധയുടെ ഈ നിരീക്ഷണം. പെണ്‍കുട്ടികളുടെ വസ്ത്രധാരണം നിയന്ത്രിക്കുന്നതിന് പകരം, സ്വന്തം പെരുമാറ്റം നിയന്ത്രിക്കാനും മറ്റുള്ളവരുടെ വ്യക്തിപരമായ അതിരുകളെ ബഹുമാനിക്കാനും അന്തസ്സോടെ പെരുമാറാനുമാണ് സമൂഹവും മാതാപിതാക്കളും മക്കളെ പഠിപ്പിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.
വിചാരണ വേളയില്‍ പെണ്‍കുട്ടിയുടെ വസ്ത്രധാരണത്തെയും സ്വഭാവത്തെയും ചോദ്യം ചെയ്തുകൊണ്ട് നടന്ന സ്വഭാവഹത്യയെ കോടതി ശക്തമായി വിമർശിച്ചു. പെണ്‍കുട്ടി പാശ്ചാത്യ വസ്ത്രം ധരിക്കുന്നത് അയല്‍വാസികള്‍ക്കും സമൂഹത്തിനും ആണ്‍കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന പ്രതിഭാഗത്തിന്റെ വാദങ്ങള്‍ കോടതി തള്ളി.
ഒരു സ്ത്രീ എന്ത് ധരിക്കണമെന്ന് തീരുമാനിക്കാൻ അയല്‍വാസികള്‍ക്കോ സമൂഹത്തിനോ കോടതിയിലെ അഭിഭാഷകർക്കോ അവകാശമില്ലെന്ന് കോടതി പറഞ്ഞു. വസ്ത്രധാരണം, മതം, ജീവിതശൈലി എന്നിവയുടെ അടിസ്ഥാനത്തില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ കേസുമായി നേരിട്ട് ബന്ധമില്ലെങ്കില്‍ അനുവദിക്കില്ലെന്നും ജസ്റ്റിസ് സുധ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയുടെ മൊഴി തള്ളിക്കളയാൻ അവളുടെ വസ്ത്രധാരണം ഒരു കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. 2014-ല്‍ വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടതിനെതിരെ സർക്കാർ നല്കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഐപിസി സെക്ഷൻ 354A(1)(i) പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇയാള്‍ക്ക് ശിക്ഷ വിധിക്കുകയും ചെയ്തു.






