ന്യൂഡൽഹി : ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ചു. സംഭവത്തിൽ ഒരു യുവാവിനെയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഖഡ്ഡ കോളനി സ്വദേശി ശിവം എന്ന ചുച്ഛുവിനെയും 16,17 വയസ്സ് പ്രായമുള്ള മൂന്ന് ആൺകുട്ടികളെയുമാണ് പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 13-ന് അഴുകിയനിലയിൽ 16 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ക്രൂരത പുറംലോകമറിയുന്നത്. അഴുകിയനിലയിൽ കൈകൾ ഉൾപ്പെടെയുള്ള അവയവങ്ങൾ വേർപ്പെട്ടനിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ചിലഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ചനിലയിലുമായിരുന്നു. തുടർന്ന് എങ്ങനെ മൃതദേഹം ഇവിടെയെത്തി എന്ന് കണ്ടെത്താനായിരുന്നു പൊലീസിന്റെ ശ്രമം.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംശായസ്പദമായ രീതിയിൽ ഒരു ടെമ്പോ വാനിന്റെ സാന്നിധ്യം കണ്ടെത്തിയത്. ടെമ്പോയുടെ നമ്പർ വ്യക്തമായിരുന്നില്ല. ഇതോടെ ടെമ്പോ വാൻ വന്ന വഴികളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതോടെ വാനിന്റെ നമ്പർ തിരിച്ചറിഞ്ഞു. പിന്നാലെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തതോടെയാണ് സംഭവ ദിവസം വാനിൽ യാത്ര ചെയ്തിരുന്നവരെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് സെപ്റ്റംബർ 15-ന് അർധരാത്രിയോടെ റെയ്ഡ് നടത്തി പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പതിനേഴുകാരനായ സുഹൃത്താണ് പെണ്‍കുട്ടിയെ ആദ്യം ബലാത്സംഗം ചെയ്തത്. ഉപദ്രവിച്ച വിവരം പുറത്ത് പറയുമെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ പ്രതി സുഹൃത്തുക്കളെ വിളിച്ചുവരുത്തി. ഇവരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായികുന്നു. പത്തൊന്‍പതുകാരനായ ശിവം ഗണേഷ്, പതിനേഴും പതിനാറും വയസ് പ്രായമുള്ള മൂന്ന് പേരുമാണ് കേസിലെ പ്രതികള്‍. പ്രതികള്‍ കൊല ചെയ്യാന്‍ ഉപയോഗിച്ച കത്തിയും സംഭവ സമയം ധരിച്ച വസ്ത്രവും പൊലീസ് കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.






