കണ്ണൂർ : കണ്ണൂര്‍ ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദീപ ലേഖ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സ്ഥലംമാറ്റ ഉത്തരവിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ദീപ കുഴഞ്ഞു വീണ് മരിച്ചത്. കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും എന്‍ജിഒ യൂണിയന് ഒരു മണിക്കൂര്‍ ഡ്യൂട്ടി ബഹിഷ്കരിച്ചു. സ്ഥലം മാറ്റത്തില്‍ കണ്ണൂര്‍ ഡിഎംഒയ്ക്കെതിരെ ദീപയുടെ കുടുംബം രംഗത്ത് വന്നു.
അഞ്ചു മാസം മുന്‍പ് എച്ച്ഐ ആയി ചുമതലയേറ്റ ദീപയെ ഭരണം മാറിയതോടെയാണ് സ്ഥലം മാറ്റിയത്. ഇടത് സംഘടന അംഗമായിരുന്നു ദീപ. ഈ സാഹചര്യത്തിൽ മരണം കൊലപാതകമാണെന്നാണ് എന്‍ജിഒ യൂണിയന്റെ നിലപാട്. രണ്ടുമാസം മുന്‍പ് അപകടത്തില്‍പ്പെട്ട ദീപ ലേഖക്ക് നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇത് ഡിഎംഒയോട് പറഞ്ഞിരുന്നുവെന്നും ഭര്തൃസഹോദരന് പറഞ്ഞു.
തലശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. പ്ലക്കാഡുകള്‍ ഉയര്‍ത്തി എന്‍ജിഒ യൂണിയന് പ്രതിഷേധിച്ചു. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ സെല്ലിലെ ക്ലര്‍ക് ആശാലത ജീവനൊടുക്കിയതിലും ഭരണാനുകൂല സംഘടനകള്‍ക്കെതിരെ കുടുംബം രംഗത്ത് വന്നു. ഭരണമാറ്റത്തോടെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒറ്റപ്പെടുത്തിയതായി ആശക്ക് തോന്നിയിരുന്നതായി ഭര്‍ത്താവ് അജയന് പറഞ്ഞു.






