ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അരങ്ങേറിയ അസാധാരണ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
മലേഷ്യയില്‍ നിന്ന് മടങ്ങിയെത്തിയ യുവാവിനെ സ്വീകരിക്കാൻ മൂന്ന് സ്ത്രീകള്‍ ഒരേസമയം വിമാനത്താവളത്തിലെത്തിയതാണ് നാടകീയ സംഭവങ്ങള്‍ക്ക് വഴിവെച്ചത്. യുവാവ് വിമാനത്താവളത്തിന് പുറത്തേക്ക് എത്തിയതോടെ മൂന്ന് സ്ത്രീകളും ഇയാള്‍ തങ്ങളുടെ ഭർത്താവാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തുകയായിരുന്നു. തുടർന്ന് ആരുടെ കൂടെ വീട്ടിലേക്ക് പോകണമെന്നതിനെച്ചൊല്ലി തർക്കം രൂക്ഷമായി.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ യുവാവിനെ വളഞ്ഞുനില്ക്കുന്ന മൂന്ന് സ്ത്രീകളെ കാണാം. ഇയാള്‍ തന്റെ നിയമപരമായ ഭർത്താവാണെന്നും ഒപ്പം കൊണ്ടുപോകാൻ തനിക്ക് അവകാശമുണ്ടെന്നും ഓരോ സ്ത്രീയും വാദിക്കുന്നുണ്ട്. പരസ്പരം ഉച്ചത്തില്‍ സംസാരിക്കുകയും അസഭ്യവാക്കുകള്‍ പ്രയോഗിക്കുകയും ചെയ്തതോടെ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങി. ഇതിനിടെ ഒരു സ്ത്രീ വൈകാരികമായി പൊട്ടിക്കരഞ്ഞപ്പോള്‍ മറ്റു രണ്ടുപേരും തങ്ങളുടെ അവകാശവാദങ്ങള്‍ ശക്തമായി ഉന്നയിച്ചു.
സംഭവം കാണാൻ വിമാനത്താവളത്തില്‍ യാത്രക്കാരും നാട്ടുകാരുമടക്കം വലിയ ജനക്കൂട്ടം തടിച്ചുകൂടി. സംഘർഷം കൂടുതല്‍ വഷളാകാതിരിക്കാൻ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് സ്ത്രീകളെ ശാന്തരാക്കാൻ ശ്രമിച്ചു.
ബംഗ്ലാദേശിലെ പ്രമുഖ പത്രമായ ഇത്തെഫാഖും പ്രാദേശിക മാധ്യമങ്ങളുമാണ് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ നിരവധി രസകരമായ പ്രതികരണങ്ങളും പ്രത്യക്ഷപ്പെട്ടു. ഒരു ഭർത്താവിനായി മൂന്ന് സ്ത്രീകള്‍ തമ്മിലുള്ള പോരാട്ടമെന്ന രീതിയിലാണ് പലരും സംഭവത്തെ വിശേഷിപ്പിക്കുന്നത്.
എന്നാല്‍ യുവാവിന്റെയോ മൂന്ന് സ്ത്രീകളുടെയോ വ്യക്തിവിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇവർ യഥാർഥത്തില്‍ യുവാവിന്റെ ഭാര്യമാരാണെന്ന കാര്യവും സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. കുടുംബപ്രശ്നമാണോ ദാമ്പത്യബന്ധവുമായി ബന്ധപ്പെട്ട തർക്കമാണോ സംഭവത്തിന് പിന്നിലെന്നും വ്യക്തമായിട്ടില്ല. എന്തായാലും മലേഷ്യയില്‍ നിന്ന് നാട്ടിലെത്തിയ യുവാവിനെ സ്വീകരിക്കാനെത്തിയ മൂന്ന് സ്ത്രീകള്‍ തമ്മിലുള്ള തർക്കത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുകയാണ്.






