പത്തനംതിട്ട : വീടുകൾ തോറും ഡയറക്ട് മാർക്കറ്റിംഗിലൂടെ സാധനങ്ങൾ വിൽക്കുന്ന രണ്ട് പെൺകുട്ടികളെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ.
വെണ്ണിക്കുളം ചെറുവള്ളിപ്പാറ സ്വദേശി 29കാരനായ പ്രവീൺ ദാമോധരനെയാണ് പത്തനംതിട്ട പൊലീസ് പിടി കൂടിയത്. സെപ്റ്റംബർ 29ന് പത്തനംതിട്ട ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം.
29ആം തീയതി രാവിലെ പത്തനംതിട്ട ബസ് സ്റ്റാൻഡിന് സമീപത്തു നിന്നാണ് പെൺകുട്ടികളെ പ്രതി വാഹത്തിൽ കയറ്റുന്നത്. സാധനങ്ങൾ വിറ്റു നൽകാമെന്ന് വാഗ്ദാനം നടത്തിയ ശേഷമാണ് പ്രതി പെൺകുട്ടികളെ വാഹനത്തിൽ കയറ്റി കൊണ്ട് പോയത്. തുടർന്ന് തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെല്ലാം പ്രതി പെൺകുട്ടികളുമായി സഞ്ചരിച്ചു.
ഇതിനിടെ ഒരു പെൺകുട്ടിയെ റോഡിൽ ഇറക്കി നിർത്തിയ ശേഷം രണ്ടാമത്തെ പെൺകുട്ടിയുമായി പ്രതി യാത്ര തുടർന്നു. ഈ സമയം പ്രതി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് ഈ പെൺകുട്ടിയെ തിരികെ കൊണ്ട് വന്ന ശേഷം രണ്ടാമത്തെ പെൺകുട്ടിയുമായി വീണ്ടും യാത്ര തുടരുകയും ആ പെൺകുട്ടിയെയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു.
പിന്നീട് രാത്രിയോടെ പെൺകുട്ടികളെ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ ഇറക്കി വിടുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂണിലും സമാനമായ രീതിയിൽ അടൂരിൽ നിന്ന് പ്രതി ഒരു പെൺകുട്ടിയെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയ ശേഷം പന്തളത്തു വച്ച് പീഡിപ്പിക്കുകയും മാലയുൾപ്പടെ മോഷ്ടിക്കുകയും ചെയ്തിരുന്നു. ഈ കേസിൽ ഇയാളെ അറസ്റ്റ് ചെയ്ത് ജയിലടച്ചിരുന്നു.
പത്തനംതിട്ട ഡിവൈഎസ്പി വി എ നിഷാദ്മോൻ, എസ്ഐ അനീഷ് എബ്രഹാം, വനിതാ എസ്ഐ ഷെമിമോൾ, സിപിഒ മാരായ മിഥുൻ, അജയ് മോഹൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.






