ഹാമില്ട്ടണ്: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റം വേണമെന്ന അഭിപ്രായങ്ങളാണ് ഉയരുന്നത്.
ഇപ്പോഴിതാ മുൻ ഇന്ത്യൻ താരങ്ങളായ അമ്പാട്ടി റായുഡുവും മുരളി കാർത്തിക്കും ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ബാറ്റിംഗിലെ പോരായ്മകള്‍ പരിഹരിക്കാൻ ഇഷാൻ കിഷനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് റായുഡുവിന്റെ നിർദേശം. എന്നാല്‍ ഇഷാനെ ആറാം നമ്പറില്‍ കളിപ്പിക്കുന്നത് യാതൊരു പ്രയോജനവുമില്ലെന്നാണ് മുരളി കാർത്തിക്കിന്റെ അഭിപ്രായം. ക്രിക്ബസിലെ ഒരു വീഡിയോയില്‍ സംസാരിക്കുകയായിരുന്നു താരങ്ങള്‍.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് 2-0ന് പരമ്പരയില്‍ ഇന്ത്യ മുന്നിലാണ്. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം നാല് റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. മത്സരം വിജയിച്ചെങ്കിലും ഇന്ത്യൻ ബാറ്റിംഗ് നിര പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിരുന്നില്ല. പ്രതികൂല സാഹചര്യങ്ങളില്‍ റണ്‍സ് കണ്ടെത്താൻ ബാറ്റർമാർ പ്രയാസപ്പെട്ടതോടെയാണ് ടീമിലെ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകള്‍ സജീവമായത്.
ഇന്ത്യൻ നിരയില്‍ അഞ്ചാം നമ്പറില്‍ അക്സർ പട്ടേലിനെ പരീക്ഷിച്ചെങ്കിലും രണ്ട് മത്സരങ്ങളിലും താരം പരാജയപ്പെട്ടു. ആദ്യ ഏകദിനത്തില്‍ നേരിട്ട രണ്ടാം പന്തില്‍ റണ്‍സെടുക്കാതെ പുറത്തായ അക്സർ രണ്ടാം മത്സരത്തില്‍ 17 പന്തില്‍ ഏഴ് റണ്‍സ് മാത്രമാണ് നേടിയത്. അക്സറിനെ അഞ്ചാം നമ്പറില്‍ കളിപ്പിക്കുന്നത് ഉചിതമല്ലെന്നാണ് റായുഡുവിന്റെ അഭിപ്രായം. ആറോ ഏഴോ സ്ഥാനങ്ങളില്‍ ഇറങ്ങിയാല്‍ അക്സറിന് കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സ്ഥാനത്ത് സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റ് ചെയ്യാൻ കഴിയുന്ന പരിചയസമ്പന്നനായ ഒരു ബാറ്ററെയാണ് ഇന്ത്യക്ക് ആവശ്യമെന്നും റായുഡു പറഞ്ഞു.
ശ്രേയസ് അയ്യർക്കും കെ.എല്‍. രാഹുലിനുമൊപ്പം മദ്ധ്യനിരയില്‍ ഉറച്ചുനില്ക്കാൻ കഴിയുന്ന ബാറ്ററായി ഇഷാൻ കിഷനെ പരിഗണിക്കാമെന്നാണ് റായുഡുവിന്റെ നിർദേശം. നമൻ ധീറിനെ മുകളിലേക്ക് ഇറക്കുകയോ ഇഷാൻ കിഷനെ ടീമില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ ആറോ ഏഴോ സ്ഥാനങ്ങളിലാണ് അക്സർ കൂടുതല്‍ അനുയോജ്യനെന്നും റായുഡു കൂട്ടിച്ചേർത്തു.
എന്നാല്‍ റായുഡുവിന്റെ നിർദേശത്തോട് പൂർണമായി യോജിക്കാൻ മുരളി കാർത്തിക് തയ്യാറായില്ല. നമൻ ധീറിന്റെ ബാറ്റിംഗില്‍ മികച്ച ടൈമിംഗ് പ്രകടമായിട്ടുണ്ടെന്നും താരത്തെ ഇപ്പോള്‍ മാറ്റിനിർത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇഷാൻ കിഷന്റെ ബാറ്റിംഗ് പൊസിഷൻ തന്നെയാണ് പ്രധാന പ്രശ്നമായി കാർത്തിക് ചൂണ്ടിക്കാട്ടിയത്.
വിരാട് കൊഹ്ലി മൂന്നാം നമ്പറിലും വൈസ് ക്യാപ്ടൻ ശ്രേയസ് അയ്യർ നാലാം നമ്പറിലും കെ.എല്‍. രാഹുല്‍ അഞ്ചാം നമ്പറിലും കളിക്കുന്ന സാഹചര്യത്തില്‍ ഇഷാനെ ആറാം നമ്പറില്‍ ഇറക്കുന്നത് ഉചിതമല്ല. ഇഷാൻ ഓപ്പണറായോ മൂന്നാം നമ്പറിലോ കളിക്കേണ്ട താരമാണെന്നും താഴേക്കിറക്കി കളിപ്പിക്കുന്നതില്‍ കാര്യമില്ലെന്നും കാർത്തിക് വ്യക്തമാക്കി. പരമ്പര സ്വന്തമാക്കാൻ ഒരു ജയം കൂടി മതിയെന്നിരിക്കെ, ഇന്ത്യൻ ബാറ്റിംഗ് നിരയിലെ പരീക്ഷണങ്ങളും താരങ്ങളുടെ ബാറ്റിംഗ് സ്ഥാനങ്ങളും വരും മത്സരങ്ങളില്‍ നിർണായകമാകുമെന്നാണ് മുൻ താരങ്ങളുടെ നിരീക്ഷണം.






