രാജ്കോട്ട്: ഓള്‍റൗണ്ട് പ്രകടനവുമായി തിളങ്ങിയ യഷ് വർദ്ധൻ ചൗഹാന്റെ മികവില്‍ ഓസ്ട്രേലിയ അണ്ടർ-19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ അണ്ടർ-19 ടീം.
രാജ്കോട്ടില്‍ നടന്ന രണ്ടാം യൂത്ത് ഏകദിനത്തില്‍ 103 റണ്‍സിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ശേഷിക്കെ (2-0) ഇന്ത്യ സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ചൗഹാന്റെ സെഞ്ചുറിയുടെയും(100 പന്തില്‍122) വി കെ വിനീത് (87), ആര്യവീർ സെവാഗ് (47) എന്നിവരുടെ ബാറ്റിംഗിന്റെും മികവില്‍ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 341 റണ്‍സെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. 342 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ അണ്ടർ-19 41.1 ഓവറില്‍ 238 റണ്‍സിന് ഓള് ഔട്ടായി. സെഞ്ചുറി നേടി ബാറ്റിംഗില്‍ തിളങ്ങിയ യഷ്വര്‍ധൻ ചൗഹാന് രണ്ട് വിക്കറ്റെടുത്ത് ബൗളിംഗിലും തിളങ്ങി. സ്കോര്‍ ഇന്ത്യ അണ്ടർ-19: 341/7, ഓസ്ട്രേലിയ അണ്ടർ-19 41.1 ഓവറില്‍ 238ന് ഓള് ഔട്ട്.
ചൗഹാന്റെ സെഞ്ചുറി, വിനീതുമായി 132 റണ്‍സ് കൂട്ടുകെട്ട്
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ ആര്യവീർ സെവാഗ് മികച്ച തുടക്കമാണ് നല്‍കിയത്. 48 പന്തില്‍ 47 റണ്‍സെടുത്ത് ആര്യവീർ പുറത്തായതിന് ശേഷം ക്രീസിലൊന്നിച്ച യഷ് വർദ്ധൻ ചൗഹാനും വി കെ വിനീതും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സിന് ശക്തമായ അടിത്തറയിട്ടു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേർന്ന് 132 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
100 പന്തില്‍ 15 ഫോറുകളും 2 സിക്സറുകളും അടക്കം 122 റണ്‍സാണ് ചൗഹാൻ അടിച്ചുകൂട്ടിയത്. വിനീത് 92 പന്തില്‍ 4 ഫോറും 6 സിക്സറുമടക്കം 87 റണ്‍സെടുത്തു. 40-ാം ഓവറില്‍ വിനീത് പുറത്താകുമ്പോള്‍ 233/3 എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യയെ അവസാന ഓവറുകളില്‍ ചൗഹാനും കുശാഗ്ര ഓജയും ചേർന്ന് 340 കടത്തി. ഓജ 20 പന്തില്‍ 34 റണ്‍സ് നേടി. അവസാന 10 ഓവറില്‍ 106 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഓസ്ട്രേലിയയ്ക്കായി തോമസ് വാസിയോ 3 വിക്കറ്റ് വീഴ്ത്തി
. 342 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയയ്ക്ക് ക്യാപ്റ്റൻ ജാക്ക് കൊസ്നെകും (81) മാത്യു ലോഗും (42) ചേർന്ന് മികച്ച തുടക്കം നല്‍കിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. നാലാം വിക്കറ്റില്‍ ഇരുവരും ചേർന്ന് 99 റണ്‍സ് കൂട്ടിച്ചേർത്ത് ഭീഷണി ഉയർത്തിയെങ്കിലും 27-ാം ഓവറില്‍ കൊസ്നെകിനെ കാവ്യ പരേഷ് പട്ടേല്‍ പുറത്താക്കിയതോടെ ഓസ്ട്രേലിയയുടെ തകര്‍ച്ച തുടങ്ങി. 44 റണ്‍സെടുത്ത ബ്ലെയ്ക്ക് കാറ്റില്‍ ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും മറുഭാഗത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണു. അവസാന 6 വിക്കറ്റുകള്‍ വെറും 38 റണ്‍സിനിടെയാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ഇന്ത്യയ്ക്കായി ചിഗുരുപതി വെങ്കട 3 വിക്കറ്റും, യഷ്വർദ്ധൻ ചൗഹാനും കാവ്യ പരേഷ് പട്ടേലും 2 വിക്കറ്റ് വീതവും വീഴ്ത്തി. മോഹിത് ഉള്‍വ ഒരു വിക്കറ്റ് നേടി.






