പത്തനംതിട്ട: പോലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്ന രീതിയിൽ ഗുണ്ടാസംഘങ്ങളുമായി രഹസ്യബന്ധം പുലർത്തിയ സിവിൽ പൊലീസ് ഓഫീസറെ സർവീസിൽനിന്ന് പുറത്താക്കി.
തിരുവല്ല പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന സിപിഒ നിഷാന്ത് പി. ചന്ദ്രനെയാണ് ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് കർശന നടപടിയുടെ ഭാഗമായി പിരിച്ചുവിട്ടത്.
ചട്ടവിരുദ്ധമായി കാപ്പാ കേസ് പ്രതികളുമായി നിരന്തരം ബന്ധം പുലർത്തിയതാണ് നിഷാന്തിനെതിരായ പ്രധാന നടപടിക്ക് കാരണം.
പൊലീസിന്റെ അന്തസും വിശ്വാസ്യതയും തകർക്കുന്ന തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഇയാൾ പങ്കാളിയായെന്നും, ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഇയാൾക്കെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങളിൽ ആഭ്യന്തര അന്വേഷണം നടത്തി കുറ്റം ബോധ്യപ്പെട്ടതിനാലാണ് സേനയിൽ നിന്ന് നീക്കം ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്.
പൊലീസ് സേനയ്ക്കുള്ളിലെ അഴിമതിയും നിയമവിരുദ്ധ ബന്ധങ്ങളും വെച്ചുപൊറുപ്പിക്കില്ലെന്ന കർശന സന്ദേശമാണ് ഈ നടപടിയിലൂടെ ജില്ലാ പൊലീസ് മേധാവി നൽകിയിരിക്കുന്നത്.






