ദില്ലി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ദില്ലിയിൽ ചേരും. കേരളത്തിൽ വിശാല സംസ്ഥാന സമിതി യോഗം ചേരാനിരിക്കെയാണ് പിബി യോഗം ചേരുന്നത്.
കേരളത്തിലും ബംഗാളിലും പാർട്ടി തിരുത്തൽ നടപടികളിലേക്ക് കടക്കാനിരിക്കെയുള്ള യോഗം പ്രധാനമാണ്. കേരളത്തിലെ ഇടതുപക്ഷ ഐക്യത്തിൽ വിള്ളൽ സൃഷ്ടിച്ച ഉപനേതൃപദവി പിബി അംഗങ്ങൾ യോഗത്തിൽ ഉന്നയിച്ചേക്കും
അണികൾക്ക് തെറ്റുപറ്റിയെന്നും നേതൃത്വത്തിന് വീഴ്ചയില്ലെന്ന തരത്തിലുള്ള പിണറായി വിജയന്റെ വിമർശനത്തിൽ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്.
അടുത്തവർഷം നടക്കാനിരിക്കുന്ന പഞ്ചാബ്, യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യവും പിബി ചർച്ച ചെയ്യും.
പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് കേരള ഘടകത്തിന് സിപിഎം കേന്ദ്ര നേതൃത്വം അടിയന്തര നിര്‍ദേശം നൽകിയിരുന്നു. പ്രശ്നത്തിൽ ഉടൻ പരിഹാരം കാണണമെന്നും മുന്നണി മര്യാദകൾ കർശനമായി പാലിക്കണമെന്നുമായിരുന്നു നിര്‍ദേശം.
സിപിഎം എംഎൽഎ തന്നെയായിരിക്കും പ്രതിപക്ഷ ഉപനേതാവ് എന്ന പിണറായി വിജയന്റെ ഏകപക്ഷീയമായ പ്രസ്താവനയിലും ചില നേതാക്കളുടെ അഭിപ്രായപ്രകടനത്തിലും അഖിലേന്ത്യാ നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
സിപിഐയെ അനുനയിപ്പിക്കാനായി തൽക്കാലത്തേക്ക് ഉപനേതാവ്പദവി ആർക്കും നൽകാതെ ഒഴിച്ചിടുകയോ, അല്ലെങ്കിൽ ചർച്ചകൾ തുടരുകയോ ചെയ്യുന്ന രീതിയിലുള്ള ഒരു ഫോർമുലയിലേക്കും കാര്യങ്ങൾ നീങ്ങിയേക്കാം.
ഔദ്യോഗികമായി നിർദേശങ്ങൾ വന്നാൽ പാർട്ടി കമ്മിറ്റികളിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.






