പാലക്കാട്:വാണിയംകുളത്ത് തെരുവുനായയുടെ കടിയേറ്റ പശു പേവിഷബാധയേറ്റ് ചത്തു.
പനയൂർ മേലേക്കാട്ടിൽ കോത–ദാക്ഷായനി ദമ്പതികൾ വളർത്തിയിരുന്ന പശുവാണ് ചത്തത്.
ജൂലൈ 27ന് രാത്രിയിലാണ് തൊഴുത്തിൽ കയറിയ തെരുവുനായ പശുവിനെ ആക്രമിച്ചത്.
തുടർന്ന് വെറ്ററിനറി ഡോക്ടറെത്തി പേവിഷബാധ പ്രതിരോധ കുത്തിവയ്പ് നൽകിയിരുന്നു.
എന്നാൽ രണ്ട് ദിവസം മുമ്പ് പശുവിൽ വീണ്ടും പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായി.
പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ന് ഉച്ചയോടെ പശു ചത്തു.
പശു, ആട് വളർത്തലാണ് കുടുംബത്തിന്റെ പ്രധാന വരുമാനമാർഗം.
ആക്രമണത്തിൽ മറ്റൊരു പശുവിനും നേരിയ പരിക്കേറ്റെങ്കിലും നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് ഉടമകൾ പറയുന്നത്.
വാണിയംകുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു.






