എടത്വ: ഗർഭിണിയായ യുവതിയും പിന്നാലെ ഭർത്താവും ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ ഗാർഹിക പീഡന ആരോപണവുമായി യുവതിയുടെ കുടുംബം.
വിവാഹശേഷം സനുക്കുട്ടൻ മദ്യപിച്ച് വീട്ടിലെത്തി ഹരീഷ്മയെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും അതിന്റെ ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.
മരിച്ച സനുക്കുട്ടനും കുടുംബത്തിനുമെതിരെ മരണപ്പെട്ട ഹരീഷ്മയുടെ വീട്ടുകാർ മാവേലിക്കര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ ആരോപണങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
സനുക്കുട്ടന്റെ വീട്ടിൽ അമ്മയും സഹോദരിയും സഹോദരിയുടെ ഭർത്താവും സഹോദരനും മാത്രമാണുള്ളത്. പിതാവ് നേരത്തെ മരിച്ചിരുന്നു. ഹരിഷ്മയുടെ മരണം നടക്കുമ്പോൾ സനുക്കുട്ടൻ ദോഹയിലായിരുന്നു. ഭാര്യയുടെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ച സനുക്കുട്ടൻ ബംഗളൂരുവിലെ ലോഡ്ജിലാണ് ജീവനൊടുക്കിയത്.
ഹരീഷ്മയുടെ സംസ്കാരം ഞായറാഴ്ച മാവേലിക്കരയിൽ നടന്നു. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ സനുകുട്ടന്റെ ബന്ധുക്കളെ ഹരീഷ്മയുടെ ബന്ധുക്കൾ തടഞ്ഞിരുന്നു. മൃതദേഹം കാണാൻ അനുവദിച്ചില്ല.
നാലുമാസം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. ഒരു മാസം മുൻപാണ് സനുക്കുട്ടൻ ജോലിക്കായി ദോഹയിലേക്ക് പോയത്. സംഭവത്തിൽ ഗാർഹിക പീഡന ആരോപണങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.






