കൊല്ലം: ചടയമംഗലത്ത് 13 വയസുകാരനെ രണ്ടാനച്ഛന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന് റൂറല്‍ എസ്.പിയുമായി ഫോണില്‍ സംസാരിച്ചു.
പ്രതിയെ എത്രയും വേഗം അറസ്റ്റു ചെയ്യാനും കര്‍ശന നിയമ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. സംഭവത്തില്‍ അടിയന്തരമായി കേസെടുക്കാൻ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിക്ക് (സി ഡബ്ല്യു സി) വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയും നിർദ്ദേശം നല്‍കിയിട്ടുണ്ട്.
കുട്ടിക്ക് ആവശ്യമായ കൗണ്‍സിലിംഗും സംരക്ഷണവും ഉറപ്പാക്കുമെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.ചടയമംഗലം കുരിയോടില് ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. മദ്യലഹരിയില്‍ വീട്ടിലെത്തിയ രണ്ടാനച്ഛൻ രാജേഷ് മുറിയിലുണ്ടായിരുന്ന കുട്ടിയെ വസ്ത്രത്തില്‍ പിടിച്ച് തൂക്കിയെടുത്ത് ഹാളില്‍ എത്തിക്കുകയും, തുടർന്ന് വസ്ത്രം ഊരിമാറ്റി വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയുമായിരുന്നു.
കുട്ടിയുടെ അമ്മ പകർത്തിയ മർദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം ലോകമറിഞ്ഞതും ചടയമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചതും. ആദ്യ വിവാഹത്തിലെ മകനോടുള്ള ഇഷ്ടക്കേടാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് കുട്ടിയുടെ അമ്മ വെളിപ്പെടുത്തി. രാജേഷ് കുട്ടിയെ ഉപദ്രവിക്കുന്നത് പതിവാണെന്നും അമ്മ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊർജ്ജിതമാക്കി.






