കോട്ടയം : സൈബർ സുരക്ഷിത കേരളം എന്ന ലക്ഷ്യത്തോടെ കേരള പൊലീസ് ആരംഭിക്കുന്ന ജനകീയ മുന്നേറ്റമായ ക്ലിക്ക് (സിഎൽഐസികെ- കമ്യുണിറ്റി ലീഡ് ഇനിഷ്യറ്റീവ് ഫോർ സൈബർ റെസിലിയന്റ് കേരളം) പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് ഏറ്റുമാനൂരിലെ മംഗളം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ വച്ച് നടന്നു.

2027ഓടെ സൈബർ ആക്രമണങ്ങളെ അതിജീവിക്കാൻ പ്രാപ്തമായ കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള പൊലീസിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്. സൈബർ സേഫ് കേരള സംരംഭത്തിന്റെ ഭാഗമായാണ് ക്ലിക്ക് പ്രവർത്തിക്കുന്നത്.
ഏറ്റുമാനൂർ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ പുഷ്പ വിജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ
ജില്ലാ പൊലീസ് മേധാവി കെഎം സാബു മാത്യു ഐപിഎസ് മുഖ്യ പ്രഭാഷണം നടത്തി. ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാൻ ടോമി പുളിമാതുണ്ടം ഉദ്ഘാടനം നിർവഹിച്ചു . കോട്ടയം അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് സജീവ് കെ സ്വാഗതവും, മംഗളം കോളേജ് ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ. ബിജു വർഗീസ്, ഐഐഐടി കോട്ടയം ഡയറക്ടർ പ്രമോദ് കൃഷ്ണ എന്നിവർ ആശംസകൾ അർപ്പിച്ചു.
ജില്ലയിലെ വിവിധ എൻജിനീയറിങ് കോളേജുകളിലെ പ്രിൻസിപ്പൽമാർ ചടങ്ങിൽ പങ്കെടുത്തു. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും സൈബർ ഭീഷണികളെ നേരിടാൻ സമൂഹത്തെ പ്രാപ്തമാക്കുന്നതിനും ജനകീയ പങ്കാളിത്തത്തോടെ സൈബർ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കോട്ടയം ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി വിഎസ് ബിജു കൃതജ്ഞത പറഞ്ഞു.






