പത്തനംതിട്ട: പത്തനംതിട്ടയിൽ ഹോട്ടലിൽ നിന്ന് ചിക്കൻ വിഭവങ്ങൾ ഡെലിവറി ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് ജീവനക്കാരന് മൂന്നംഗ സംഘത്തിന്റെ ക്രൂരമർദനം.
പത്തനംതിട്ട ടൗണിൽ പ്രവർത്തിക്കുന്ന ഗ്രിൽഡ് ചിക്കൻ എന്ന ഹോട്ടലിലെ ജീവനക്കാരനായ അദ്വൈതിനാണ് മർദനമേറ്റത്. യുവാവ് ജോലിചെയ്യുന്ന കടയുടെ ഉടമയുടെ സുഹൃത്തുക്കളായ രഞ്ജിത്ത്, ദേവൻ, ഹാഷിം എന്നിവർ മർദിച്ചെന്നാണ് ആരോപണം.
ഹോട്ടലുടമയുടെ സുഹൃത്തുക്കളായ മൂന്നംഗ സംഘം ചിക്കൻ വിഭവങ്ങൾ പാഴ്സലായി വീട്ടിലെത്തിച്ചു നൽകാൻ അദ്വൈതിനോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ വീട്ടിലേക്ക് ഡെലിവറി ചെയ്യുന്ന സൗകര്യം കടയിൽ ലഭ്യമല്ലെന്ന് വ്യക്തമാക്കിയതോടെ ഇവർ യുവാവിനെ അതിക്രൂരമായി മർദിക്കുകയായിരുന്നു.
തലയിൽ മുമ്പ് ശസ്ത്രക്രിയ കഴിഞ്ഞ ആളാണ് മർദനമേറ്റ യുവാവ്. ആക്രമണത്തെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും യുവാവ് പറഞ്ഞു.
മർദിച്ച യുവാക്കൾ നേരത്തെയും എംഡിഎംഎ കടത്തൽ ഉൾപ്പെടെയുള്ള നിരവധി കേസുകളിലും പ്രതികളാണ്. പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു.






