ചേർത്തല: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തില്‍ വലതുകൈ അറ്റുപോവുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത് കിടപ്പിലായ ജീവനക്കാരിയോട് റവന്യു വകുപ്പിന്റെ കൊടുംക്രൂരത.
പട്ടണക്കാട് വില്ലേജ് സ്പെഷ്യല്‍ വില്ലേജ് ഓഫീസറായ ചേർത്തല മരുത്തോർവട്ടം അഭിരാമത്തില്‍ സ്മിതാ ചന്ദ്രനെയാണ് (43) വില്ലേജ് ഓഫീസറായി സ്ഥാനക്കയറ്റം നല്കി പാലക്കാട്ടേക്ക് സ്ഥലംമാറ്റിയത്. സെപ്റ്റംബർ 11-ന് പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിക്കാനാണ് ഉത്തരവ്. അപകടത്തില്‍ അറ്റുപോയ കൈ തുന്നിച്ചേർക്കാനടക്കം അഞ്ചുമാസത്തിനിടെ 17 ശസ്ത്രക്രിയകള്‍ക്ക് വിധേയയായ ഇവർ പൂർണമായും കിടപ്പിലാണ്. സ്മിതയെ ചേർത്തല താലൂക്കില്‍ത്തന്നെ നിലനിർത്തണമെന്ന് ആലപ്പുഴ കളക്ടർ ലാൻഡ് റവന്യു കമ്മിഷണർക്ക് റിപ്പോർട്ട് നല്‍കിയിട്ടും ഇത് പൂർണമായും അവഗണിച്ചാണ് അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടി.
നിയമസഭാ തെരഞ്ഞെടുപ്പ് പരിശീലന ക്ലാസില്‍ പങ്കെടുക്കാൻ മാർച്ച് 11-ന് ഭർത്താവ് പി ടി രാജേഷിനൊപ്പം സ്കൂട്ടറില്‍ പോകുമ്പോഴാണ് വളവനാട് കവലയില്‍ ഗ്യാസ് ടാങ്കർ ലോറി ഇടിച്ചത്. ടാങ്കറിനടിയില്പെട്ട് പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയ സ്മിതയുടെ വലതുകൈ ചുമലില്‍നിന്ന് വേർപെടുകയും എട്ടു വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തുളച്ചുകയറുകയും ചെയ്തു. മറ്റു പലയിടത്തും ഒടിവുകളുമുണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇതിനോടകം ഇരുപത് ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കായി ചെലവായത്. ചികിത്സ തേടിയ ആശുപത്രി മെഡിസെപ്പ് പട്ടികയില്‍ ഇല്ലാത്തതിനാല്‍ ഇൻഷുറൻസ് ആനുകൂല്യവും ലഭിച്ചില്ല. ഈ മാസം 31-ന് അടുത്ത ശസ്ത്രക്രിയ നടക്കാനിരിക്കുകയാണ്. നിലവില്‍ ആറുമാസത്തെ അവധിയിലുള്ള ഇവർക്ക് അത് നീട്ടിയെടുക്കേണ്ട ദയനീയ സാഹചര്യമാണുള്ളത്.
ആരോഗ്യപ്രശ്നങ്ങളുള്ളവരെ അതത് സ്ഥലങ്ങളില്‍ നിലനിർത്താൻ അനുകമ്പാച്ചട്ടം നിലവിലുണ്ടെങ്കിലും സ്മിതയുടെ കാര്യത്തില്‍ ഇത് പാലിക്കപ്പെട്ടില്ല. ഇതേ പട്ടികയില്‍ കൊല്ലം ജില്ലയില്‍ ഈ ചട്ടം നടപ്പാക്കിയപ്പോഴാണ് ഇവരോട് കടുത്ത വിവേചനം കാട്ടിയത്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥനും കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ജില്ലാ പ്രസിഡന്റുമായ ഭർത്താവ് രാജേഷ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞയാളാണ്. ചട്ടപ്രകാരം സ്മിതയെ ജില്ലയില്‍ നിലനിർത്താൻ ഇതുതന്നെ മതിയായ കാരണമായിരിക്കെയാണ് അധികൃതർ കണ്ണടച്ചത്. വിദ്യാര്‍ത്ഥികളായ രണ്ടു പെണ്മക്കളാണ് ഇവർക്കുള്ളത്. കിടപ്പിലാണെന്ന് കാണിച്ച് മെഡിക്കല്‍ രേഖകള്‍ സഹിതം കമ്മിഷണറേറ്റില്‍ അപേക്ഷ നല്‍കിയിട്ടും അനുകൂല നടപടിയുണ്ടാകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.






