കൊച്ചി: നാടിനെ നടുക്കിയ ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയെ സഹായിക്കാനും നീതിപീഠത്തിന്റെ സ്വാധീനത്തില്‍ കേസ് മുക്കാനും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച തൃശ്ശൂര്‍ റൂറലിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ വലയില്‍.
ജഡ്ജിയും സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറും തമ്മില്‍ ഫോണില്‍ സംസാരിക്കുന്നതിന് വഴിയൊരുക്കിയത് ഈ ഉന്നത ഉദ്യോഗസ്ഥനാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ണ്ണായക റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അപകടം നടന്നയുടന്‍ തന്നെ പ്രതിയായ കൗമാരക്കാരന്റെ പിതാവായ ജഡ്ജി ആദ്യം ബന്ധപ്പെട്ടത് തൃശ്ശൂര്‍ റൂറലില്‍ സേവനമനുഷ്ഠിക്കുന്ന ഈ മുതിര്‍ന്ന പൊലീസ് ഓഫീസറെയായിരുന്നു. ഇയാളുടെ നിര്‍ദ്ദേശപ്രകാരവും സ്വാധീനത്തിലുമാണ് കൊച്ചി സിറ്റി പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ജഡ്ജി നേരിട്ട് ഫോണില്‍ വിളിക്കാന്‍ പാതയൊരുങ്ങിയത്.
ഇതിനുപിന്നാലെയാണ് കൊച്ചി സിറ്റി കമ്മീഷണറും ജഡ്ജിയും തമ്മില്‍ ദീര്‍ഘനേരം ഫോണില്‍ സംസാരിക്കുകയും, ഒടുവില്‍ കേസ് ലഘൂകരിച്ച് 17-കാരന് സ്റ്റേഷന് ജാമ്യം നല്‍കാനുള്ള വഴിവിട്ട നീക്കങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങിയതും. നീതി അട്ടിമറിക്കാന്‍ കൂട്ടുനിന്ന തൃശ്ശൂരിലെ ഉദ്യോഗസ്ഥന്റെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങള്‍ രഹസ്യാന്വേഷണ വിങ് ചോര്‍ത്തിയെടുക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗവും, നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തിയ എ.ഡി.ജി.പി പി. വിജയനും നല്കിയ അടിയന്തര രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളാണ് കേസില്‍ അതിനിര്‍ണ്ണായകമായ വഴിത്തിരിവായത്.
കമ്മീഷണര്‍ ജഡ്ജിയുടെ സ്വാധീനത്തിന് പൂര്‍ണ്ണമായി വഴങ്ങിയെന്നും തൃശ്ശൂരിലെ ഐ.പി.എസ് ഉദ്യോഗസ്ഥന് ഇതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മുന്നിലെത്തുകയായിരുന്നു.
സേനയ്ക്ക് അപമാനമുണ്ടാക്കിയ ഈ കൂട്ടുകെട്ടിനെതിരെ ആഭ്യന്തരമന്ത്രി പച്ചക്കൊടി കാട്ടിയതോടെയാണ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിനെ പകരം ചുമതലപോലും നല്‍കാതെ അടിയന്തരമായി തെറിപ്പിച്ചത്. എന്നാല്‍ നടപടി കമ്മീഷണറില്‍ മാത്രം ഒതുങ്ങില്ലെന്നും, ഇടനിലക്കാരനായി നിന്ന് ഉന്നത ജഡ്ജിക്കായി വഴിവിട്ട സഹായം ചെയ്ത തൃശ്ശൂര്‍ റൂറലിലെ ഉദ്യോഗസ്ഥനെതിരെയും കടുത്ത നടപടിയുണ്ടാകുമെന്ന സൂചനയാണുള്ളത്.
അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി നിഷേധിക്കപ്പെടുകയും ജനങ്ങള്‍ തെരുവിലിറങ്ങുകയും ചെയ്തതോടെയാണ് എം.എല്‍.എ ടി.ജെ. വിനോദ് സമയോചിതമായി ഇടപെട്ടത്. കമ്മീഷണറുടെ നിലപാടില്‍ പൊരുത്തക്കേട് തോന്നിയ എം.എല്‍.എ ആഭ്യന്തരമന്ത്രിയെ നേരിട്ട് ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അറിയിക്കുകയായിരുന്നു.
തൊട്ടുപിന്നാലെയാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും എ.ഡി.ജി.പിയും അടിയന്തര റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത്. ജഡ്ജിയും കമ്മീഷണറും തമ്മിലുള്ള സംഭാഷണത്തിന്റെ വിവരങ്ങളും ഇതിന് വഴിമരുന്നിട്ട തൃശ്ശൂരിലെ ഉദ്യോഗസ്ഥന്റെ ഫോണ്‍ രേഖകളും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തെളിവുസഹിതം പുറത്തെടുത്തു.
റിപ്പോര്‍ട്ട് കണ്ടതോടെ കടുത്ത പ്രകോപിതനായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കമ്മീഷണറെ ഫോണില്‍ വിളിച്ച് രൂക്ഷമായ ഭാഷയിലാണ് മുന്നറിയിപ്പ് നല്‍കിയത്. 'ഐ വില്‍ ടേക്ക് ആക്ഷന്‍ എഗെയിന്‍സ്റ്റ് യൂ' എന്ന് പരസ്യമായി വ്യക്തമാക്കിയ മന്ത്രി, കേസില്‍ ആരുടെയും സ്വാധീനം ചെലവാകില്ലെന്നും കടുത്ത ഭാഷയില്‍ ഓര്‍മ്മിപ്പിച്ചു.
ആഭ്യന്തരമന്ത്രിയുടെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും കര്‍ശന ഇടപെടലോടെയാണ് മണിക്കൂറുകള്‍ക്കകം പ്രതിക്കെതിരെ നരഹത്യാ കുറ്റം ചുമത്താന്‍ പൊലീസ് നിര്‍ബന്ധിതരായത്. പ്രതിയായ 17-കാരനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു.
പോലീസ് സേനയുടെ വിശ്വാസ്യത തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ അത് എത്ര ഉയര്‍ന്ന പദവിയിലുള്ളവരായാലും വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. തൃശ്ശൂര്‍ റൂറലിലെ ഉദ്യോഗസ്ഥന്റെ ഫോണ്‍ കോളുകളും സന്ദേശങ്ങളും നിലവില്‍ ആഭ്യന്തര വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ഒരു സാധാരണക്കാരന്റെ ജീവന് പൊലിഞ്ഞ സംഭവത്തില്‍ ജുഡീഷ്യല്‍ പദവിയും പൊലീസിലെ ഉന്നത സ്വാധീനവും ഉപയോഗിച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ നടത്തിയ ഗൂഢശ്രമങ്ങളാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലൂടെ പൂര്‍ണ്ണമായി പൊളിഞ്ഞടങ്ങിയത്.






