കൊച്ചി: കൊച്ചി ചേരാനല്ലൂരില്‍ 56കാരന്റെ ജീവനെടുത്ത വാഹനാപകടത്തില്‍ വാഹനം ഓടിച്ചിരുന്ന പ്രായപൂർത്തിയാകാത്ത 17കാരന് ജാമ്യം.
ജുവനൈല്‍ ജസ്റ്റിസ് ബോർഡില്‍ നിന്നാണ് ജാമ്യം ലഭിച്ചത്. നടപടി മനഃപ്പൂർവമുള്ള നരഹത്യ വകുപ്പ് കൂടി ചുമത്തി കസ്റ്റഡിയിലെടുത്ത ശേഷമാണ്.
അതേസമയം, വാഹനത്തിന്റെ ആർസി ഓണറായ ജഡ്ജിക്കെതിരെ കേസെടുക്കാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്.
തീരുമാനം അംഗീകരിക്കില്ലെന്ന് ജയബാലകൃഷ്ണന്റെ കുടുംബം അറിയിച്ചു. കാരണക്കാരനായ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ച നടപടിയില്‍ പ്രതിഷേധിച്ച് ജയബാലകൃഷ്ണൻ്റെ മക്കള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഇന്നലെ രാത്രി പ്രതിഷേധിച്ചിരുന്നു.
പ്രതിഷേധത്തിനിടെ ജയബാലകൃഷ്ണന്റെ മകള്‍ കുഴഞ്ഞുവീണിരുന്നു.
അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് കുട്ടിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ ദുർബലമായ വകുപ്പുകള്‍ മാത്രമാണ് പൊലീസ് ചുമത്തിയത്. ഐപിസി 305-ാം വകുപ്പ് പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഗുരുതരമായ വകുപ്പ് ചുമത്താത്തതിനാല്‍ പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒരുങ്ങുകയായിരുന്നു.






