പാലക്കാട് : നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ലഭിച്ച വധശിക്ഷ ഏറെ സ്വാഗതാർഹമാണ്. ലവലേശം പോലും കുറ്റബോധമോ ഭയമോ ഇല്ലാതെയുള്ള പ്രതിയുടെ പെരുമാറ്റം തന്നെ അയാൾ എത്രമാത്രം കൊടും കുറ്റവാളി ആണെന്നുള്ളതിന്റെ തെളിവാണ്. വിചാരണ വേളയിൽ കോടതിയെ പോലും വെല്ലുവിളിച്ച ചെന്താമര, ഇനിയും താൻ കൊലപാതകം നടത്തുമെന്നുള്ള കൊലവിളിയും കോടതിയിൽ മുഴക്കി. ഇതൊക്കെ കണക്കിലെടുക്കുമ്പോൾ ചെന്താമരയ്ക്ക് ലഭിച്ച വധശിക്ഷ അർഹിച്ചത് തന്നെയാണെന്ന് ഉറപ്പാണ്.
പാലക്കാട് നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജാണ് നാടിനെ നടുക്കിയ ഈ ക്രൂരതയ്ക്ക് അര്‍ഹിച്ച പരമാവധി ശിക്ഷ വിധിച്ച് ഉത്തരവിട്ടത്. അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ കുറ്റകൃത്യമെന്ന് നിരീക്ഷിച്ച കോടതി, പ്രതിക്ക് യാതൊരുവിധ ഇളവുകള്‍ക്കും അര്‍ഹതയില്ലെന്ന് വ്യക്തമാക്കി. കോടതിമുറിയില്‍ ജഡ്ജിയെപ്പോലും വെല്ലുവിളിച്ച് അഹങ്കാരം കാട്ടിയ പ്രതിക്ക് നിയമം നല്കിയ കടുത്ത പ്രഹരമായി മാറി ഈ വിധിപ്രസ്താവം.
ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് പ്രതിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ജഡ്ജി ആവര്‍ത്തിച്ചു ചോദിച്ചപ്പോഴാണ് കോടതിമുറിയെത്തന്നെ അമ്പരപ്പിച്ച പ്രതികരണം ഉണ്ടായത്. 'ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റൊരു ചെകിട് കൂടി കാട്ടിക്കൊടുക്കാന്‍ ഞാന്‍ ഗാന്ധിജിയല്ല, എന്നെ വേണമെങ്കില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചോളൂ' എന്നായിരുന്നു പ്രതിയുടെ മറുപടി. താന്‍ കടന്നുപോയ അവസ്ഥ ജഡ്ജിക്ക് വന്നാല്‍ കാര്യം മനസ്സിലാകുമെന്നും, എഴുതാനുള്ളത് എഴുതിക്കൊള്ളൂ എന്നും ജഡ്ജിയോട് പറഞ്ഞ് പ്രതി തന്റെ അഹങ്കാരം തുടര്‍ന്നു.
വധശിക്ഷയ്ക്കൊപ്പം 20ലക്ഷം രൂപ പിഴയും ഒടുക്കണം. ഈ 20 ലക്ഷം രൂപ സുധാകരന്റെ മക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ഇത് ചെന്താമരയ്ക്ക് കഴിയില്ല. അതുകൊണ്ട് സര്‍ക്കാര്‍ നല്‍കണമെന്നും വിധിയിലുണ്ട്.
പ്രതിക്ക് സ്വന്തം തെറ്റില്‍ യാതൊരുവിധ കുറ്റബോധവുമില്ലെന്ന് കോടതി കൃത്യമായി വിലയിരുത്തി. താന്‍ പുറത്തിറങ്ങിയാല്‍ സുധാകരന്റെ മക്കളെയും കുടുംബത്തെയും ഇനിയും വധിക്കുമെന്ന ഒളിഞ്ഞിരിക്കുന്ന ഭീഷണിയാണ് കോടതിയില്‍ പ്രതി ഉയര്‍ത്തിയത്. ഒരു പ്രതികാര ദാഹം പോലെ ഇനിയും ആളുകളെ കൊല്ലുമെന്ന ഭാവത്തോടെയാണ് ഇയാള്‍ സംസാരിച്ചത്. ഈ സാഹചര്യത്തില്‍ പ്രതി പുറത്തിറങ്ങുന്നത് സമൂഹത്തിന് വലിയ വിപത്താണെന്നും സുധാകരന്റെ മക്കളുടെ ജീവന് കടുത്ത ഭീഷണിയാണെന്നുമുള്ള പ്രൊസിക്യൂഷന് വാദം കോടതി പൂര്‍ണ്ണമായും അംഗീകരിക്കുകയായിരുന്നു.
കേസ് വിളിക്കുന്നതിന് മുന്‍പ് തന്നെ അകമ്പടി സേവിച്ച പോലീസുകാരോട് സംസാരിച്ചിരുന്നത് ആര്‍ക്കും തന്നെ ഒരു ചുക്കും ചെയ്യാനില്ലെന്ന സന്ദേശം നല്‍കും വിധമായിരുന്നു. വിധി കാത്തിരിക്കുമ്പോള്‍ പോലും അഹങ്കാരം കൈവിടാത്ത ഇയാള്‍ ഒരു അപൂര്‍വ്വ ക്രിമിനലാണെന്ന് തെളിയിക്കുന്നതായിരുന്നു കോടതി വരാന്തയിലെ ഇയാളുടെ പെരുമാറ്റം.
പോത്തുണ്ടി തിരുത്തംപാടം ബോയന്‍കോളനിയില്‍ സുധാകരന്, അദ്ദേഹത്തിന്റെ എഴുപത്തിയഞ്ചുകാരിയായ അമ്മ ലക്ഷ്മി എന്നിവരെ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതിക്കെതിരെ കൊലക്കുറ്റം പൂര്‍ണ്ണമായും തെളിഞ്ഞത്. 2025 ജനുവരി 27-നായിരുന്നു കേരളത്തെ വിറപ്പിച്ച ഈ സംഭവം നടന്നത്. 2019-ല്‍ അയല്‍വാസിയായ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ഇയാള്‍. തന്റെ കുടുംബം തകരാനും ഭാര്യ പിണങ്ങിപ്പോകാനും കാരണം സജിതയാണെന്ന വൈരാഗ്യത്തിലായിരുന്നു ആ കൊലപാതകം. തുടര്‍ന്ന് ഈ കേസില്‍ ഇരട്ട ജീവപര്യന്തം ലഭിച്ച പ്രതി 2022-ല്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭർത്താവായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.
സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയതുകൊണ്ട് മാത്രം ഇയാളുടെ പ്രതികാരപ്പട്ടിക അവസാനിച്ചിരുന്നില്ല. സ്വന്തം ഭാര്യ, മകള്‍, മകളുടെ ഭര്‍ത്താവായ പൊലീസുകാരന്, ഭാര്യാസഹോദരന്‍, നാട്ടുകാരായ മറ്റ് മൂന്ന് സ്ത്രീകള്‍ എന്നിവരെക്കൂടി വെട്ടിക്കൊലപ്പെടുത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. തന്റെ ജീവിതത്തിലുണ്ടായ എല്ലാ തിരിച്ചടികള്‍ക്കും കാരണം ഈ വ്യക്തികളാണെന്ന മിഥ്യാധാരണയാണ് ഇയാളെ ഈ ക്രൂരതയിലേക്ക് നയിച്ചത്.






