തിരുവനന്തപുരം: ചാല സ്വർണക്കവർച്ച ഗൂഢാലോചനയില്‍ കൂടുതല്‍ പേരുണ്ടെന്ന സംശയത്തില്‍ പൊലീസ്.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ച ചാലയിലെ മാളവിക ജ്വല്ലറിയുടമ ജയറാമിനെ വീണ്ടും ചോദ്യം ചെയ്യും.
ഗൂഢാലോചനയിലെ പ്രധാനി ജയാറാം ആണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം.
ഇയാളെ പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ജയറാമിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസുകളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു.
അതിനിടെ, മോഷ്ടിച്ച ഒരു ഭാഗം സ്വർണം ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ട നിലയില്‍ പൊലീസ് കണ്ടെടുത്തു. വെള്ളായണിയിലെ ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നാണ് 146 പവൻ സ്വർണം കണ്ടെത്തിയത്.
ക്വട്ടേഷൻ ഏറ്റെടുത്ത അനൂപ് രാജ് ആണ് സ്വർണം കുഴിച്ചിട്ടത്. 420 ഗ്രാം സ്വർണം പ്രതികളുടെ വാഹനത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതോടെ നഷ്ടമായ സ്വർണം തിരികെ ലഭിച്ചുവെന്നാണ് പൊലീസ് വിലയിരുത്തല്‍.
ചാലയിലെ വൈഷ്ണവി ജ്വല്ലറിയുടമ നന്ദകുമാറില്‍ നിന്ന് സ്വർണം കവർച്ച ചെയ്ത കേസില്‍ ആറുപേരാണ് അറസ്റ്റിലായത്. ബിസിനസ് കുടിപ്പകയെ തുടർന്ന് 25 ലക്ഷം രൂപയ്ക്ക് നല്കിയ ക്വട്ടേഷൻ ആണ് സ്വർണക്കവർച്ചയെന്നാണ് പൊലീസ് കണ്ടെത്തല്‍.
പിടിയിലായ അനൂപ് രാജ് ആണ് ക്വട്ടേഷൻ ഏറ്റെടുത്തത്. കേസിലെ മുഖ്യപ്രതി അമൂല്‍ ആദ്യ ഗഡുവായി നാല് ലക്ഷം രൂപ നല്‍കിയെന്നും പൊലീസ് കണ്ടെത്തി. പൊലീസ് പിടികൂടുകയാണെങ്കിലും കേസിൻ്റെ ചെലവുകള്‍ അമൂല്‍ ഏറ്റെടുക്കുമെന്നും ക്വട്ടേഷൻ സംഘത്തെ അറിയിച്ചിരുന്നു.






