തിരുവനന്തപുരം: ചാല സ്വര്‍ണക്കവര്‍ച്ചയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കവർച്ചയ്ക്ക് ശേഷവും മാളവിക ജ്വല്ലറിയില്‍ വെച്ച് അമുലും ജയറാമും നേരില്‍ കണ്ടുവെന്നും പൊലീസ് പറയുന്നു.
25 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നല്‍കിയതെന്നും അതില്‍ നാല് ലക്ഷം കൈമാറിയെന്നും പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ബിസിനസ് കുടിപ്പകയാണ് ആക്രമണത്തിന് കാരണം. ജയറാമും അമുലും നന്ദകുമാറുമെല്ലാം സ്വര്‍ണ കച്ചവടം ചെയ്യുന്നവരാണ്. പക്ഷെ നന്ദകുമാർ സ്വർണം കൊണ്ടുവരുന്ന ആളുകള്‍ക്ക് മറ്റുള്ളവർ നല്കുന്നതിനേക്കാള് കുറച്ചുകൂടി തുക നല്കി കച്ചവടം കൂടുതല്‍ പിടിക്കുകയും മാത്രമല്ല അദ്ദേഹത്തിന്റെ കച്ചവടത്തില്‍ വലിയ തോതിലുള്ള വളർച്ച ഉണ്ടാവുകയും ചെയ്തു.
സ്വർണം വില്ക്കാൻ വരുന്നവരും ചെറുകിട ജ്വല്ലറികളും നന്ദകുമാറിനെ കൂടുതല്‍ ആശ്രയിക്കുന്നു എന്നുള്ള ഒരു പ്രശ്നം ഉയർന്നു വന്നിരുന്നു. ഇതിനെ തുടർന്നാണ് കുടിപ്പക രൂപപ്പെട്ടതെന്നാണ് വിവരം.
ഇതിന്റെ അടിസ്ഥാനത്തിലാണ് 25 ലക്ഷം രൂപ ക്വട്ടേഷൻ നല്‍കിക്കൊണ്ട് നന്ദകുമാറിനെ ആക്രമിക്കാനും സ്വർണം തട്ടിയെടുക്കാനുള്ള ഒരു ശ്രമങ്ങളിലേക്ക് പോയത്.
സംഭവത്തിനു രണ്ട് ദിവസം മുൻപും മോഷണശ്രമം നടന്നിരുന്നു. അന്നു ജ്വല്ലറി ഉടമ നന്ദകുമാർ നേരത്തേ കട പൂട്ടി ഇറങ്ങിയതിനാല്‍ ശ്രമം വിജയിച്ചില്ല.
ദിവസവും നന്ദകുമാർ വീട്ടില്‍ പോകുമ്പോള്‍ വളരെയധികം സ്വർണം കയ്യില്‍ കരുതുമായിരുന്നു. ആദ്യ ശ്രമം പരാജയപ്പെട്ടപ്പോള്‍ പിന്നീടുള്ള ദിവസങ്ങളില്‍ നിരീക്ഷണം തുടർന്നു.
നന്ദകുമാർ കടയില്‍ നിന്ന് ഇറങ്ങുന്ന സമയം, പതിവായി വീട്ടിലേക്കു പോകുന്ന വഴി, ഈ വഴിയില്‍ തിരക്ക് കുറവുള്ള സ്ഥലം, സിസിടിവി ക്യാമറയില്ലാത്ത മേഖല എന്നിവയെല്ലാം ശ്രദ്ധിച്ചിരുന്നു.






