ചെന്നൈ: കാവേരി നദീജല തർക്കത്തെ ചൊല്ലി തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ്ക്കും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ഇടയിൽ രൂക്ഷമായ വാക്പോര്. കർണാടകയുമായി നേരിട്ട് ചർച്ച നടത്താനുള്ള തീരുമാനത്തെ വിജയ് ന്യായീകരിച്ചപ്പോൾ, വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കാത്തതിനെ ഉദയനിധി ചോദ്യം ചെയ്തു.
സംസ്ഥാന താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് ചർച്ചകൾക്ക് തയ്യാറാകുന്നതെന്നും അതിന്റെ പേരിൽ വിമർശനങ്ങൾ നേരിടാനും തയ്യാറാണെന്നും വിജയ് വ്യക്തമാക്കി. കാവേരി ജലാവകാശ വിഷയത്തിൽ തമിഴ്നാടിന്റെ നിയമപരമായ നിലപാടുകളിൽ മാറ്റമില്ലെന്നും മേക്കെദാട്ടു പദ്ധതിയെ എതിർക്കുന്ന നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കാവേരി പ്രശ്നം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ട വിജയ്, അയൽ സംസ്ഥാനവുമായി ചർച്ചയിലൂടെ പരിഹാര സാധ്യത തേടുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. ജനങ്ങളുടെ താൽപ്പര്യത്തിനായി ആവശ്യമെങ്കിൽ റിസ്ക് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കർണാടക സർവകക്ഷി യോഗം വിളിച്ചപ്പോൾ തമിഴ്നാട് സർക്കാർ എന്തുകൊണ്ട് അതിന് തയ്യാറായില്ലെന്ന് ഉദയനിധി സ്റ്റാലിൻ ചോദിച്ചു. മേക്കെദാട്ടു അണക്കെട്ടിനെതിരായ സംസ്ഥാനത്തിന്റെ ഐക്യ നിലപാട് വ്യക്തമാക്കാൻ സർവകക്ഷി യോഗം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാവേരി വിഷയത്തിന് പുറമെ സർക്കാരിന്റെ വിവിധ പദ്ധതികളും കർഷക ക്ഷേമ നടപടികളും ചർച്ചയായതോടെ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാദപ്രതിവാദം ശക്തമായി.






