എറണാകുളം : സ്കൂള്‍ സമയങ്ങളിലെ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി നിരത്തിലിറങ്ങിയ ടിപ്പര്‍ ലോറികള്‍ക്കെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. സുരക്ഷയുടെ ഭാഗമായാണ് സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പെരുമ്പാവൂരില്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 89 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
നിയന്ത്രണങ്ങൾ ലംഘിച്ച വാഹനങ്ങളിൽ നിന്ന് 2,68,750 രൂപ പിഴ ഈടാക്കുകയും ചെയ്തു. രാവിലെ 8.30 മുതല്‍ 10 മണി വരെയും വൈകിട്ട് 4 മുതല്‍ 5 വരെയുമാണ് ടിപ്പറുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സമയ നിയന്ത്രണം. സ്കൂള്‍, കോളേജ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റേയും രാവിലെയും വൈകീട്ടും ഗതാഗതക്കുരുക്ക് ഒഴിവാക്കാനായിട്ടുമാണ് ടിപ്പര്‍ ലോറികളടക്കമുള്ള വലിയ ചരക്കുവാഹനങ്ങള്‍ക്ക് സമയക്രമം ഏര്‍പ്പെടുത്തിയത്.
സ്കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കുക, സ്കൂള്‍ ബസുകള്‍ക്കും രക്ഷിതാക്കളുടെ വാഹനങ്ങള്‍ക്കും സുഗമമായി കടന്നുപോകാന്‍ വഴിയൊരുക്കുക എന്നിവയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ഈ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിശ്ചിത സമയങ്ങളില്‍ സര്‍വീസ് നടത്തുന്ന ടിപ്പര്‍ വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും പൊലീസും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.






