ചിങ്ങവനം: സഹപ്രവർത്തകന്റെ 'പാലുകാച്ചൽ' ചടങ്ങിന് പങ്കെടുക്കാനെത്തിയ പോലീസുകാർ ചേരിതിരിഞ്ഞ് തമ്മിലടിച്ച സംഭവം വൻ വിവാദത്തിലേക്ക്.
പൊതുസ്ഥലത്ത് ക്രമസമാധാനപാലനം ഉറപ്പാക്കേണ്ട നിയമപാലകർ തമ്മിലടിച്ച വാർത്ത പുറത്തുവന്നിട്ടും മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകാൻ തയ്യാറാകാതെ കേസ് ഒതുക്കിത്തീർക്കാനാണ് നീക്കം നടക്കുന്നത്.
ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെയും ഡിവൈ.എസ്.പി ഓഫീസിലെയും ഉദ്യോഗസ്ഥരാണ് പരസ്യമായി ഏറ്റുമുട്ടിയത്.
ഓഗസ്റ്റ് 21-ന് വൈകിട്ട് ആറുമണിയോടെ കുറിച്ചി കാലായിപ്പടിയിലാണ് നാടിന് നാണക്കേടുണ്ടാക്കിയ ഈ സംഭവം നടന്നത്.
ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുടെ (സി.പി.ഒ) വീടിന്റെ ഗൃഹപ്രവേശത്തിൽ (പാലുകാച്ചൽ) പങ്കെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരാണ് തമ്മിലടിയിൽ കലാശിച്ചത്
മുൻപും ഔദ്യോഗികവും വ്യക്തിപരവുമായ കാര്യങ്ങളിൽ അകൽച്ചയിലായിരുന്ന ഇരുകൂട്ടരും തമ്മിൽ ചടങ്ങിനിടെ വീണ്ടും വാക്കേറ്റമുണ്ടാവുകയായിരുന്നു.
തുടർന്ന് വാക്കേറ്റം കൈയാങ്കളിയിലേക്ക് നീങ്ങുകയും പോലീസുകാർ പരസ്യമായി തെരുവിൽ ഏറ്റുമുട്ടുന്ന കാഴ്ചയുമാണ് കണ്ടത്.
സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ജില്ലാ സ്പെഷ്യൽ ബ്രാഞ്ചും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചും വിവരങ്ങൾ അറിഞ്ഞിട്ടും ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഉന്നതാധികാരികൾക്ക് കൈമാറിയിട്ടില്ലെന്ന ഗുരുതര ആരോപണവും ഉയർന്നുവരുന്നുണ്ട്.
സംഭവത്തിന്റെ ഗൗരവം മറച്ചുവെച്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനായി അന്വേഷണ വിവരങ്ങൾ പൂഴ്ത്തിവെക്കുകയാണെന്ന വിമർശനമാണ് ഉയരുന്നത്






