കോട്ടയം: സംസ്ഥാനത്തെ തൊഴിലിടങ്ങളെ ലഹരിമുക്തമാക്കുന്നതിനും ജീവനക്കാരില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനുമായി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൂഫാൻ ഷീല്‍ഡ് 'പോഡാ' (PODA- Prevention of Drug Abuse) പദ്ധതി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
സർക്കാർ സംവിധാനങ്ങളിലെ മാതൃകയില്‍, ലഹരി ഉപയോഗം തെളിഞ്ഞാല്‍ ജോലി നഷ്ടപ്പെടുന്ന തരത്തിലുള്ള അതീവ കർശനമായ എച്ച്.ആർ. നയമാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
ലഹരിമാഫിയയെ തകർക്കാൻ നാട് ആവശ്യപ്പെടുന്ന ഏറ്റവും വലിയ ദൗത്യമാണ് ഓപ്പറേഷൻ തൂഫാനിലൂടെ സർക്കാർ നടപ്പാക്കുന്നതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ലഹരിക്ക് അടിമപ്പെട്ടവരെ വെറുതെ ശിക്ഷിക്കുക മാത്രമല്ല, അവരെ കൃത്യമായ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യം.
ഇതിനായി കേരളമെമ്പാടുമുള്ള പ്രമുഖ ആശുപത്രികള്‍ 'തൂഫാൻ കെയർ' പദ്ധതിയുടെ ഭാഗമാകുകയാണെന്നും മന്ത്രി വ്യക്തമാക്കി. അന്തർസംസ്ഥാന ലഹരിക്കടത്ത് തടയാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ ഇതിനകം കൈകോർത്തു കഴിഞ്ഞതായും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഡോക്ടർമാരുടെ കൃത്യമായ കുറിപ്പടിയില്ലാതെ ലഹരിസ്വഭാവമുള്ള യാതൊരുവിധ മരുന്നുകളും വില്ക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി കർശന മുന്നറിയിപ്പ് നല്കി. സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ പൊലീസിന്റെയും ഡ്രഗ്സ് കണ്ട്രോള് വിഭാഗത്തിന്റെയും പരിശോധനയും നിരീക്ഷണവും വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കും.
ലഹരിമുക്തരായി സമൂഹത്തിലേക്ക് മടങ്ങിയെത്തുന്നവരുടെ പുനരധിവാസവും പ്രധാനമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച കോട്ടയം സഹായമെത്രാനും കാരിത്താസ് ചെയർമാനുമായ മാർ ജോസഫ് പണ്ടാരശ്ശേരില്‍, മദ്യവും മയക്കുമരുന്നും ഉയർത്തുന്ന വെല്ലുവിളികള്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ആഹ്വാനം ചെയ്തു. കാരിത്താസിന്റെ എല്ലാ സംവിധാനങ്ങളും 'തൂഫാൻ കെയറിന്' ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ ചടങ്ങില്‍ പദ്ധതി അവതരിപ്പിച്ചു. കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടറും സി.ഇ.ഓയുമായ റവ. ഡോ. ബിനു കുന്നത്ത് പരിപാടിക്ക് നേതൃത്വം നല്കി.
ചടങ്ങില്‍ വെച്ച് ഡോക്ടേഴ്സ് കൗണ്‍സില്‍, ടീച്ചേഴ്സ് ഗില്‍ഡ്, കാരിത്താസിലെയും കോട്ടയം അതിരൂപതയിലെയും മുഴുവൻ ജീവനക്കാരും 'തൂഫാൻ വാറിയേഴ്സ്' ആയി മാറി പ്രതിജ്ഞ ചൊല്ലി.
ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്, ഏറ്റുമാനൂർ എം.എല്‍.എ നാട്ടകം സുരേഷ്, എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ സംസാരിച്ചു.






