തിരുവഞ്ചൂര്‍ : പ്രഭാത സവാരിയ്ക്കിറങ്ങിയ സ്ത്രീയ്ക്ക് കാറിടിച്ചു ഗുരുതരമായി പരിക്ക്. തിരുവഞ്ചൂര്‍ സ്വദേശി അനിലിന്റെ ഭാര്യ ദീപയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ദീപയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യനില ഗുരുതരമാണ്.
പതിവുപോലെ റോഡിലൂടെ നടന്നു പോകുമ്പോഴാണ് ദീപയെ വേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിനു ശേഷം കാര്‍ നിര്‍ത്താതെ ഓടിച്ചുപോകുകയായിരുന്നു. പ്രദേശവാസികളാണ് പരിക്കേറ്റ ദീപയെ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തില്‍ മണര്‍കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാര്‍ കണ്ടെത്താനായി അപകടം നടന്ന റോഡിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.






