കൊച്ചി:സിനിമാ തിയേറ്ററുകളിലെ അമിത ഭക്ഷണവിലക്കെതിരെ ഉയർന്ന ശക്തമായ പ്രതിഷേധങ്ങള്‍ക്കും പരിശോധനകള്‍ക്കും ആശ്വാസ തീരുമാനം ഉണ്ടായിരിക്കുകയാണ്.
സർക്കാർ നടത്തിയ മിന്നല്‍ പരിശോധനകളുടെ ഫലമായി ഇനിമുതല്‍ മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ പോപ്കോണിന് 99 രൂപയാക്കും.
എറണാകുളത്തെ പ്രമുഖ തിയേറ്ററുകളില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ എന്നിവ സംയുക്തമായി നടത്തിയ പരിശോധനകളുടെ ഫലമായാണ് മള്‍ട്ടിപ്ലക്സ് മാനേജ്മെന്റുകള്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണ സാധനങ്ങള്‍ ലഭ്യമാക്കാൻ തീരുമാനിച്ചത്.
തിയേറ്ററുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് പൊതുവിപണിയിലേതിനേക്കാള്‍ ഉയർന്ന നിരക്കുകള്‍ ഈടാക്കുന്നതായി കണ്ടെത്തിയിരുന്നു. മാത്രമല്ല, വിലവിവര പട്ടിക പ്രദർശിപ്പിക്കാത്തതിലും, അളവില്‍ കുറവ് വരുത്തിയതിലും മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തിരുന്നു.
തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ ഭക്ഷണ വിലയില്‍ മാറ്റം വരുത്തുന്നതിനു പുറമേ ടിക്കറ്റ് നിരക്കിലും കുറവു വരുത്തുമെന്ന് മള്‍ട്ടിപ്ലക്സ് മാനേജ്മെന്റുകള്‍ വ്യക്തമാക്കി.






