തിരുവനന്തപുരം: രണ്ടാഴ്ചയ്ക്കകം പി.എസ്.സി ക്രമക്കേടില്‍ അതിശക്തമായ നടപടികളുണ്ടാവുമെന്ന് വ്യക്തമാക്കി എസ്.ഐ.ടി.
പരീക്ഷാ, നിയമന ക്രമക്കേടുകളില്‍ ഇതുവരെയെടുത്ത നാല് കേസുകള്‍ക്ക് പുറമെ നാലെണ്ണം കൂടി ഉടൻ രജിസ്റ്റർ ചെയ്യും. ഈ കേസുകളില്‍ പി.എസ്.സിയിലെ വമ്പൻമാർ പിടിയിലാവുമെന്നാണ് എസ്.ഐ.ടി പറയുന്നത്.
നിലവില്‍ എടുത്ത കേസുകളില്‍ മുൻകൂർ ജാമ്യം തേടി ഉന്നതർ കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകളാണ് പി.എസ്.സിയില്‍ നടന്നതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു. കുറ്റക്കാരെ വെറുതേ വിടില്ലെന്നും വ്യക്തമാക്കി. ഈ സന്ദേശമാണ് എസ്.ഐ.ടിക്കും സർക്കാർ കൈമാറിയിരിക്കുന്നത്.
പി.എസ്.സിയിലെ നിയമന, പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചും ഇപ്പോഴും എസ്.ഐ.ടിക്ക് മുന്നില്‍ പരാതിപ്രളയമാണ്. പരാതികളുടെ എണ്ണം 180ല്‍ നിന്ന് 230ആയി ഉയർന്നു.
ലഭിച്ചതില്‍ ഏറെയും ഗൗരവ സ്വഭാവത്തിലുള്ള പരാതികളാണ്. ഐ.ജി അജിതാബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരാതികളിലെ ക്രമക്കേടുകളെക്കുറിച്ച് വിശദമായി അന്വേഷിക്കും.
പുതുതായി ലഭിച്ച പരാതികളില്‍ ചെയർമാനും അംഗങ്ങളും അടക്കമുള്ളവർ നടത്തിയ ക്രമക്കേടുകളുടെ വിവരങ്ങളും രേഖകളുമുണ്ടെന്നാണ് സൂചന.
പുതിയ പരാതികളില്‍ ഉന്നയിച്ചിട്ടുള്ള ക്രമക്കേടുകളെക്കുറിച്ചുള്ള ഇലക്ട്രോണിക് രേഖകളും ഫയലുകളും ഉടനടി ഹാജരാക്കാൻ കമ്മീഷനോട് എസ്.ഐ.ടി നിർദ്ദേശിച്ചിട്ടുണ്ട്.
പ്ലാനിംഗ് ബോർഡ് തട്ടിപ്പ് കേസില്‍ ചോദ്യംചെയ്യാൻ നോട്ടീസ് നല്‍കിയിട്ടും ചെയർമാൻ എം.ആർ ബൈജു ഹാജരായിരുന്നില്ല. ക്രൈംബ്രാഞ്ചിന്റെ അന്വേഷണവും കേസും റദ്ദാക്കണമെന്ന് പി.എസ്.സി ഹൈക്കോടതിയില്‍ നല്കിയ ഹർജിയില്‍ അന്തിമ ഉത്തരവ് വരുന്നതു വരെ ഹാജരാവില്ലെന്നാണ് നിലപാട്.
ഇതിനെതിരേ കോടതിയില്‍ എസ്.ഐ.ടി റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. കോടതി വഴി ചെയർമാനെ ചോദ്യം ചെയ്യലിന് കൊണ്ടുവരാനാണ് നീക്കം. കേസിന്റെ തുടരന്വേഷണത്തിന് ചെയർമാന്റെ സാന്നിദ്ധ്യം അത്യാവശ്യമാണെന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചിട്ടുണ്ട്.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമന തട്ടിപ്പില്‍ കൊച്ചിയില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യാൻ അനുമതി തേടിയപ്പോഴും ചെയർമാൻ കോടതി ഉത്തരവ് വരട്ടെയെന്ന് പറഞ്ഞ് ഒഴിവാകുകയായിരുന്നു. ഈ കേസില്‍ ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകരെയടക്കം ചോദ്യംചെയ്തിട്ടുണ്ട്.
പുതിയ കേസുകള്‍ അടുത്തയാഴ്ചയോടെ രജിസ്റ്റർ ചെയ്യാനാണ് എസ്.ഐ.ടിയുടെ നീക്കം. ഇതില്‍ ചെയർമാനെയും അംഗങ്ങളെയുമടക്കം പ്രതികളാക്കാനും സാദ്ധ്യതയുണ്ട്. പരീക്ഷാ വിഭാഗത്തിലെയടക്കം ഉന്നത ഉദ്യോഗസ്ഥരും സംശയനിഴലിലാണ്.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുന്നോടിയായായി കൂടുതല്‍ ഉദ്യോഗസ്ഥരെ ഇപ്പോള്‍ ചോദ്യം ചെയ്യുകയാണ്. ചില കേസുകളില്‍ പ്രതികളാക്കുമെന്ന് കരുതി ഉദ്യോഗസ്ഥരടക്കം മുൻകൂർ ജാമ്യത്തിന് കോടതികളെ സമീപിച്ചിട്ടുണ്ട്.
ഇതെല്ലാം പരിഗണിച്ചാവും തുടർ നടപടികള്‍. പി.എസ്.സി ക്രമക്കേടില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായി പൊതുവേ വിലയിരുത്തലുണ്ട്. എന്നാല്‍ പരമാവധി രേഖകള്‍ ശേഖരിച്ചും തെളിവുകള്‍ കൈക്കലാക്കിയും പഴുതടച്ച നീക്കങ്ങള്‍ക്കാണ് എസ്.ഐ.ടി ഒരുങ്ങുന്നത്.






