കോട്ടയം: ഭാരതീയ വേലൻ സൊസൈറ്റി (ബി.വി.എസ്)യുടെ 52-ാം സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് ഏറ്റുമാനൂരിൽ തുടക്കമായി. ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് ഏറ്റുമാനൂർ സാൻ ജോസ് ഓഡിറ്റോറിയത്തിൽ പത്മശ്രീ മൂഴിക്കൽ പങ്കജാക്ഷിയമ്മ നഗറിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ പതാക ഉയർത്തി തുടക്കം കുറിച്ചു.
തുടർന്ന് ബൈലോ ഭേദഗതി സമ്മേളനവും സംസ്ഥാന കമ്മിറ്റി യോഗവും നടന്നു. ഞായറാഴ്ച രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേലിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം പട്ടികജാതി-പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്യും. നാട്ടകം സുരേഷ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. മുൻ മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയാകും.
ഏറ്റുമാനൂർ നഗരസഭ ചെയർമാൻ ടോമി കുരുവിള പ്രതിഭകളെ ആദരിക്കും. രാവിലെ 11ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജലവിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. റബർ ബോർഡ് ചെയർമാൻ എൻ. ഹരി മുഖ്യപ്രഭാഷണം നടത്തും.
ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ വാർഷിക റിപ്പോർട്ടും ട്രഷറർ അനിൽകുമാർ ടി.ആർ. കണക്കും ശിവപ്രകാശ് എം.ആർ. ദേവസ്വം റിപ്പോർട്ടും ഡി. സുരേഷ് ദേവസ്വം കണക്കും സി.എസ്. ശശീന്ദ്ര ക്ഷേത്ര പുനരുദ്ധാരണ കണക്കും അവതരിപ്പിക്കും. പട്ടികജാതി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കും. തുടർന്ന് പ്രക്ഷോഭ പരിപാടികൾക്ക് സമ്മേളനം രൂപം നൽകും.






