കോട്ടയം : കങ്ങഴ 12-ാം വാർഡിലെ ഇലയ്ക്കാട്-തണ്ണിപ്പാറ റോഡിൽ അരീക്കൽ തോടിന് കുറുകേയുള്ള പാലം അപകടാവസ്ഥയിൽ. പാലത്തിന്റെ ശോചനീയാവസ്ഥ തുടങ്ങിയിട്ട് വർഷങ്ങളായി. അടിഭാഗത്തെ കോൺക്രീറ്റു തകർന്ന് ഇരുമ്പുകമ്പികളടക്കം ദ്രവിച്ചനിലയിലാണ് ഇപ്പോൾ. ഏതുനേരവും നിലംപൊത്താവുന്ന സ്ഥിതിയിലാണ് പാലം.
പാലം അപകടാവസ്ഥയിലാണെന്ന് കാണിച്ച് പാലത്തിനു സമീപം പഞ്ചായത്ത് അപായസൂചനാ ബോർഡും ഭാരവാഹനങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പാലം പൊളിച്ചുപണിയാനുള്ള യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
വെള്ളം കുത്തിയൊഴുകി പാലത്തിന്റെ അടിയിലെ കരിങ്കൽഭിത്തിയും തകർന്നിട്ടുണ്ട്. പാലത്തിന്റെ അടിഭാഗത്തുനിന്നും മണ്ണും വ്യാപകമായി ഒലിച്ചുപോയിട്ടുണ്ട്. തുടർച്ചയായി വാഹനങ്ങൾ കടന്നുപോകുന്ന പാലം പുനർനിർമിക്കണമെന്ന് നാട്ടുകാർ പലവട്ടം ആവശ്യപ്പെട്ടിട്ടും അധികൃതർ വേണ്ട ശ്രദ്ധചെലുത്തിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
നിരോധനമുണ്ടെങ്കിലും ഇപ്പോഴും ലോഡുമായി പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകാറുണ്ട്. ഫണ്ടിന്റെ അപര്യാപ്തതയാണ് പാലംപണി നീളുന്നതിന് കാരണമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.






