ശ്രീനഗര്‍: മഞ്ഞുമൂടിയ മലനിരകളോ കൊടുംതണുപ്പോ കുത്തനെയുള്ള പര്വതങ്ങളോ ഇനി ഇന്ത്യന്‍ സൈന്യത്തിന്റെ അതിര്‍ത്തി നിരീക്ഷണത്തിന് തടസമല്ല.
പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന നിയന്ത്രണരേഖയില്‍ (എല്‍ഒസി) അത്യാധുനിക റോബോട്ടിക് നായകളെ വിന്യസിച്ച് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം.
സൈനികര്‍ക്കും പരിശീലനം ലഭിച്ച സൈനിക നായകള്‍ക്കുമൊപ്പം നാലുകാലില്‍ നടക്കുന്ന റോബോട്ടുകളും അതിര്‍ത്തി കാക്കാനിറങ്ങിയതോടെ സൈന്യത്തിന്റെ നിരീക്ഷണ സംവിധാനത്തിന് പുതിയ സാങ്കേതിക മുഖം കൈവന്നിരിക്കുകയാണ്.
മള്‍ട്ടി യൂട്ടിലിറ്റി ലെഗ്ഡ് എക്യുപ്മെന്റ് (MULE) എന്നറിയപ്പെടുന്ന ഈ റോബോട്ടിക് സംവിധാനങ്ങള്‍ ജമ്മു കശ്മീരിലെ അഖ്നൂര്‍, രജൗരി ഉള്‍പ്പെടെയുള്ള അതീവ സുരക്ഷാ പ്രാധാന്യമുള്ള അതിര്‍ത്തി മേഖലകളിലാണ് വിന്യസിച്ചിരിക്കുന്നത്. വാഹനങ്ങള്‍ക്കും സൈനിക ട്രക്കുകള്‍ക്കും എത്തിപ്പെടാന്‍ പ്രയാസമുള്ള ദുര്‍ഘടമായ ഭൂപ്രദേശങ്ങളില്‍ നിരീക്ഷണം നടത്തുകയാണ് ഇവയുടെ പ്രധാന ദൗത്യം.
നിയന്ത്രണരേഖയുടെ 740 കിലോമീറ്ററിലധികം വരുന്ന അതിര്‍ത്തി മേഖലയില്‍ നിരീക്ഷണ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സാങ്കേതികവിദ്യയുടെ ഉപയോഗം.
കുത്തനെയുള്ള മലഞ്ചെരിവുകള്‍, മഞ്ഞുമൂടിയ പാതകള്‍, മരുഭൂമികള്‍, പുഴകള്‍ തുടങ്ങി വിവിധ ഭൂപ്രകൃതികളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന രീതിയിലാണ് റോബോട്ടുകളെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
45 ഡിഗ്രി വരെ ചരിവുള്ള മലഞ്ചെരിവുകള്‍ കയറാനും പരമ്പരാഗത വാഹനങ്ങള്‍ക്ക് കടന്നുചെല്ലാനാകാത്ത ഇടങ്ങളിലൂടെ നീങ്ങാനും ഇവയ്ക്കാകും. മൈനസ് 40 ഡിഗ്രി മുതല്‍ പ്ലസ് 55 ഡിഗ്രി വരെയുള്ള താപനിലയിലും പ്രവര്‍ത്തിക്കാന്‍ ശേഷിയുണ്ട്.






