കൊച്ചി: നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് പത്ത് ദിവസമായി കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചിലിൽ ഇന്ത്യൻ നാവികസേനയും. ആഴക്കടലിലെ തെരച്ചിൽ ശക്തമാക്കുന്നതിനായി കൊച്ചിയിൽ നിന്ന് ഇന്നലെ രാത്രി പുറപ്പെട്ട നാവികസേനയുടെ അതിവേഗ പട്രോളിംഗ് കപ്പൽ ഐഎൻഎസ് കൽപേനി നിലവിൽ നീണ്ടകര തീരത്ത് നിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുകയാണ്.
പ്രത്യേക പരിശീലനം ലഭിച്ച നാവികസേനയുടെ ഡൈവിംഗ് സംഘവും കപ്പലിലുണ്ട്. മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് സൂചിപ്പിച്ച സ്ഥലങ്ങളിൽ നാവികസേനാ ഡൈവർമാർ തെരച്ചിൽ ആരംഭിച്ചതായാണ് വിവരം.
കടലിനടിയിലെ നിരീക്ഷണശേഷി വർധിപ്പിക്കുന്നതിനായി പോർട്ടബിൾ സോണാർ സംവിധാനവും തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.
അപകടത്തിൽ ഗൗതം കൃഷ്ണയുടെ അച്ഛന്റെയും മുത്തച്ഛന്റെയും മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ഗൗതമിനെ കണ്ടെത്താൻ നാവികസേനയുടെ സഹായം ആവശ്യപ്പെട്ട് അമ്മ രേഷ്മ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഇടപെടലിനെത്തുടർന്നാണ് നാവികസേന തെരച്ചിൽ ദൗത്യത്തിന്റെ ഭാഗമായത്.






