തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന ബിജെപിയില്‍ ഫണ്ട് തട്ടിപ്പ് നടന്നുവെന്ന തരത്തില്‍ ഉയരുന്ന ആരോപണങ്ങളില്‍ ആഭ്യന്തര അന്വേഷണം ഉണ്ടായേക്കും. ക്രമക്കേട് കണ്ടെത്താനായി മണ്ഡലം അനുസരിച്ച് പരിശോധന നടത്തിയേക്കുമെന്നാണ് വിവരം. പാർട്ടി സംസ്ഥാന അധ്യക്ഷൻ ശനിയാഴ്ച കേരളത്തില്‍ എത്തും.
ബിജെപിയിലെ ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം. നേതാക്കളും രണ്ട് തട്ടിലാണ്. വിഭാഗം വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നെന്ന ആരോപണവും നേതൃത്വം ഉന്നയിക്കുന്നുണ്ട്. വിവരങ്ങള്‍ പുറത്തു പറയുന്നവരെക്കുറിച്ചും അന്വേഷണം ഉണ്ടാകും.
പാര്‍ട്ടി പതാകയും അനുബന്ധ സാമഗ്രികളും നിര്‍മിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ 31 ലക്ഷം രൂപ കമ്മീഷന് വാങ്ങിയെന്ന് കരാറുകാരന് പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിലെ കട്ടൗട്ടിന്റെ പേരില്‍ വ്യാജബില്ലുണ്ടാക്കി പതിനാറ് ലക്ഷം രൂപ വീതിച്ചെടുക്കാമെന്ന് സംസ്ഥാന സമിതിയംഗം പറയുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഈ സംഭവങ്ങളില്‍ ഇതുവരെ കേസെടുത്തിട്ടില്ല. വാമനപുരം സ്വദേശിയായ കടയുടമ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഫണ്ടില്‍ നേരത്തെ മണ്ഡല തലം മുതല്‍ കേന്ദ്ര തലം വരെ ഓഡിറ്റ് നടത്തിയെന്നായിരുന്നു ബിജെപി നല്‍കിയിരുന്ന വിശദീകരണം. പിന്നാലെയാണ് കോടികളുടെ ക്രമക്കേടുകള്‍ പുറത്തുവന്നിരിക്കുന്നത്.
കേന്ദ്ര നേതൃത്വം സൗജന്യമായി നല്കിയ പാര്‍ട്ടി പതാക മുതല്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തതില്‍ വരെ ക്രമക്കേട് നടത്തിയെന്നും കേന്ദ്ര നേതൃത്വം കണ്ടെത്തിയിരുന്നു. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോടൊപ്പം നില്ക്കുന്ന ഭാരവാഹികളാണ് വിഷയത്തില്‍ പ്രതിക്കൂട്ടിലെന്നാണ് വിവിവരം. കേന്ദ്ര നേതൃത്വം സൗജന്യമായി നല്കിയ കൊടിക്ക് മൂന്നേകാല്‍ ലക്ഷം രൂപ എന്ന് ബില്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയതെന്നായിരുന്നു പുറത്തു വന്ന വിവരം. സമൂഹ മാധ്യമങ്ങളില്‍ പണം തട്ടാന്‍ ഉപയോഗിച്ച ബില്‍ പ്രചരിച്ചിരുന്നു. എ എ ഏജന്‍സിയുടെ പേരിലുള്ള ബില്‍ വഴി പണം തട്ടിയത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ ചുമതലക്കാരനെന്നായിരുന്നു റിപ്പോര്‍ട്ട്. എ എ ഏജന്‍സിയില്‍ കൊടി വില്‍ക്കാറേയില്ലെന്നായിരുന്നു കമ്പനി ഉടമ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. ഇതില്‍ കടയുടമ നല്കിയ പരാതിയിലാണ് കോസെടുത്തിട്ടില്ലെന്ന ആരോപണമുയര്‍ന്നിരിക്കുന്നത്.
ദേശീയ നേതാക്കള്‍ കേരളത്തിലെത്തുന്ന സമയം ആഡംബര ഹോട്ടലുകളില്‍ റൂമുകള്‍ ബുക്ക് ചെയ്തിരുന്നു. ഇതിന്റെ ബില്ല് രണ്ടും മൂന്നും ഇരട്ടിയായി കാണിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ഹെലികോപ്റ്റല്‍ വാടകയ്ക്കെടുത്ത് അതില്‍ സഞ്ചരിച്ച മണിക്കൂറുകള്‍ കൂട്ടി കാണിച്ച് അതിന്റെ പേരിലും സംസ്ഥാന നേതാക്കള്‍ പണം തട്ടിയിട്ടുണ്ടെന്നുള്ള വിവരവും പുറത്ത് വരുന്നുണ്ട്. . തട്ടിപ്പ് നടത്തിയ പല നേതാക്കള്‍ക്കും ബജെപി ഭരണമുള്ള സഹകരണ ബാങ്കുകളിലടക്കം വലിയ തുക വായ്പ ഉണ്ടായിരുന്നുവെന്നും. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇവ ഒറ്റതവണയായ് അടച്ച് തീർത്തു എന്ന വിവരവുമുണ്ട്.






