കായംകുളം: കോൺഗ്രസ് നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് സ്വീകരിച്ചില്ലെന്ന് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ വെളിപ്പെടുത്തി. കോൺഗ്രസിൽ ചേരുന്നതിനെക്കുറിച്ചും സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തെക്കുറിച്ചും തന്റെ നിലപാടും അദ്ദേഹം വ്യക്തമാക്കി. കായംകുളത്ത് നടന്ന സ്വകാര്യ പരിപാടിയിലായിരുന്നു പ്രതികരണം.
ചെറുപ്പം മുതൽ കോൺഗ്രസ് രാഷ്ട്രീയത്തെയും അതിന്റെ നേതാക്കളെയും അടുത്തറിയാമെന്നും, രാഷ്ട്രീയ എതിരാളികളെ ക്രൂരമായി ആക്രമിക്കുന്ന രീതികൾ കോൺഗ്രസിന്റെ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമല്ലെന്നും ബിജു പ്രഭാകർ പറഞ്ഞു. അതുകൊണ്ടാണ് ആ പ്രസ്ഥാനത്തോട് തനിക്ക് താത്പര്യമുള്ളതെന്നും, എന്നാൽ ഇതുവരെ കോൺഗ്രസിൽ ചേരണമെന്നോ സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിക്കണമെന്നോ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ എം. ലിജുവിന് വേണ്ടി എട്ട് ദിവസം കായംകുളത്ത് ക്യാമ്പ് ചെയ്ത് പ്രചാരണത്തിൽ പങ്കെടുത്തതായും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ക്ഷണം നിരസിച്ചതിനെക്കുറിച്ചും ബിജു പ്രഭാകർ പ്രതികരിച്ചു. കായംകുളത്ത് മത്സരിച്ച് വിജയിച്ചിരുന്നെങ്കിൽ തന്റെ 'കഷ്ടകാലത്തിന്' എക്സൈസ് മന്ത്രിയായേനെയെന്നാണ് തമാശരൂപേണ അദ്ദേഹം പറഞ്ഞത്. തുടർന്ന് സംസ്ഥാനത്തെ മദ്യനയത്തെയും മദ്യപാന സംസ്കാരത്തെയും വിമർശിച്ച അദ്ദേഹം, മദ്യത്തിന്റെ വീര്യം കുറയ്ക്കാനുള്ള നടപടികളെ പോലും എതിർക്കുന്ന സാഹചര്യം കേരളത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ആരോഗ്യത്തെ മുൻനിർത്തിയുള്ള മദ്യനയം ആവശ്യമാണ് എന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.






