കോട്ടയം: മഴയിലും വെള്ളപ്പൊക്കത്തിലും നാടന്‍ പച്ചക്കറികള്‍ വീണു, ഓണമടുക്കുന്നതോടെ കുതിച്ചു തുടങ്ങി വരവ് പച്ചക്കറി വില.
ഏതാനും ദിവസങ്ങളായി വിലയില്‍ നേരിയ വര്‍ധന അനുഭവപ്പെടുന്നതായി വ്യാപാരികള്‍ പറയുന്നു. ബീന്‍സ് വില നൂറിനു മുകളിലും കാരറ്റ് വില പലയിടങ്ങളിലും നൂറിനടുത്തേക്കുമെത്തി.
ശരാശരി പച്ചക്കറി വില 50 -60 രൂപയായി.
ഓണത്തിനായി കൃഷിയിറക്കുന്ന പയര്‍, പടവലം, കോവയ്ക്ക, പാവയ്ക്ക തുടങ്ങിയ നാടന്‍ ഇനങ്ങള്‍ വ്യാപകമായി വിപണിയില്‍ എത്തിത്തുടങ്ങേണ്ട സമയമായിരുന്നു.
എന്നാല്‍, അപ്രതീക്ഷിത മഴയിലും വെള്ളപ്പൊക്കത്തിലും കൃഷിയേറെയും നശിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറിയും മിക്കയിടങ്ങളിലും വെള്ളത്തിലായി. ഇതോടെ, തമിഴ്നാട്ടില്‍ നിന്നുമെത്തുന്ന പച്ചക്കറികള്‍ മാത്രമേ ഓണത്തിന് ആശ്രയമുള്ളൂ. അതേസമയം, ജില്ലയില്‍ കൂടുതല്‍ പച്ചക്കറികള്‍ എത്തുന്ന തമിഴ്നാട്ടിലെ തേനി ജില്ലയില്‍ ഉള്‍പ്പെടെ ഇത്തവണ മഴ കുറഞ്ഞു നിന്നതു വിലയെ ബാധിക്കുമെന്ന ആശങ്കയുണ്ട്.
ഒന്നര മാസം മുമ്പ് കുത്തനെ ഉയര്‍ന്ന വില നേരിയ തോതില്‍ താഴ്ന്നിരുന്നു. പിന്നീടാണു മഴ എത്തിയതും വില ഉയര്‍ന്നു തുടങ്ങിയതും. ബീന്സാണു നിലവില്‍ വിലയില്‍ മുന്നില്‍ -100 രൂപ. കാരറ്റ്, കൂര്‍ക്ക, ചേമ്പ്, ഉള്ളി എന്നിവയുടെ കോട്ടയത്തെ ചില്ലറ വില 80 രൂപയാണ്. പാവയ്ക്ക വില 80-90 രൂപയായി. പയര്‍ 65 മുതല്‍ 100 രൂപയ്ക്കു വരെയാണു വില്‍പ്പന. നാടന്‍ പയര്‍ നൂറു രൂപയ്ക്കു മുകളില്‍ വില്‍ക്കുന്ന സ്ഥലങ്ങളുമുണ്ട്.
ബീറ്റുറൂട്ട്, കോവയ്ക്ക, കത്രിക്ക, വഴുതനങ്ങ, മാങ്ങ, കുക്കുമ്പര്‍, കോളിഫ്ളവര്‍, ചേന എന്നിവയ്ക്ക് 60 രൂപയായി. മുളകിനു 70-72 രൂപ വരെ വാങ്ങുമ്പോള്‍, തക്കാളി, കാബേജ്, പടവലം, പച്ചതക്കാളി, കറിക്കായ, മത്തന്‍, തടിയന്,ചീര, വാഴച്ചുണ്ട് എന്നിവ 40 രൂപയ്ക്കാണ് വില്‍പ്പന. വെള്ളരിയിലാണ് വിലയില്‍ കുഞ്ഞന്‍, 30 രൂപയ്ക്കാണ് വില്‍പ്പന. കോട്ടയത്തു വില്ക്കുന്നതിനേക്കാള് അഞ്ചു മുതല്‍ 15 രൂപയുടെ വരെ വര്‍ധന പ്രാദേശിക മാര്‍ക്കറ്റുകളില്‍ ഉണ്ടാകും.
ഇന്ധന വില വര്ധനവിനെത്തുടര്ന്നു ഗതാഗത നിരക്കില്‍ വന്ന വര്‍ധന തിരിച്ചടിയായതായി വ്യാപാരികള്‍ പറഞ്ഞു.ഓണത്തിനായുള്ള പച്ചക്കറികള്‍ക്കായുള്ള വ്യാപാരികളുടെ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. തമിഴ്നാട്ടിലെ മേട്ടുപ്പാളയം, ഒട്ടംചത്രം, കമ്പം മാര്ക്കറ്റുകളില്നിന്നാണു ജില്ലയിലേക്കു കൂടുതല്‍ പച്ചക്കറികള്‍ എത്തുന്നത്.





