തിരുവനന്തപുരം: മദ്യക്കുപ്പികള്‍ വഴിയിലോ പൊതുസ്ഥലങ്ങളിലോ വലിച്ചെറിയുന്നത് തടയുന്നതിനായി ബെവ്കോ ഔട്ട്ലെറ്റുകള് വഴി നടപ്പിലാക്കിയ ഒഴിഞ്ഞ കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി ഉപേക്ഷിക്കുന്നു.
കാലിയായ കുപ്പികള്‍ ഔട്ട്ലെറ്റുകളില് കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഭാഗത്തുനിന്ന് വ്യാപകമായ പരാതികള്‍ ഉയർന്നതിനെത്തുടർന്നാണ് തീരുമാനം.
പദ്ധതി നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നോട്ടീസ് ഇന്നുമുതല്‍ ബെവ്കോ ഔട്ട്ലെറ്റുകളില് പ്രദർശിപ്പിച്ചുതുടങ്ങും. 2025 സെപ്റ്റംബറിലാണ് എല്‍ഡിഎഫ് സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. മദ്യം വാങ്ങുമ്പോള്‍ പ്ലാസ്റ്റിക് കുപ്പികള്‍ക്ക് ഡെപ്പോസിറ്റായി 20 രൂപ ഈടാക്കുകയും, ബെവ്കോ സ്റ്റിക്കർ പതിച്ച ഒഴിഞ്ഞ കുപ്പി തിരികെ നല്കുമ്പോള് ഈ തുക ഉപഭോക്താവിന് തിരികെ നല്‍കുകയും ചെയ്യുന്നതായിരുന്നു പദ്ധതിയുടെ രീതി.
എന്നാല്‍ തുടക്കം മുതല്‍ തന്നെ ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പരാതികള്‍ ഉയർന്നിരുന്നു. പദ്ധതി പൂർണ്ണമായി പിൻവലിക്കുന്നതിന്റെ ഭാഗമായി, ഇതിനകം മദ്യം വാങ്ങിയവർക്ക് ഈ മാസം 20 വരെ ഒഴിഞ്ഞ കുപ്പികള്‍ തിരികെ നല്കി തുക കൈപ്പറ്റാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.






