മ്യംബൈ: മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്‌വഡ് പൊലീസ് കമ്മിഷണറേറ്റിലെ രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാർ തമ്മില്‍ നടത്താനിരുന്ന സ്വവർഗ വിവാഹം ഉപേക്ഷിച്ചു.
ഓഗസ്റ്റ് 30ന് പുണെയ്ക്കടുത്തുള്ള അലണ്ടിയില്‍ പരമ്പരാഗത വൈദിക ആചാരപ്രകാരം വിവാഹിതരാകാനായിരുന്നു ഇവരുടെ തീരുമാനം. എന്നാല്‍, ഈ വാർത്ത പുറത്തുവന്നതിനെത്തുടർന്നുണ്ടായ മാധ്യമശ്രദ്ധയും കുടുംബങ്ങളില്‍ നിന്നുള്ള സമ്മർദ്ദവുമാണ് ഇവരെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. മൂന്ന് വർഷം മുമ്പ് പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കിടെയാണ് 23, 26 വയസ്സുള്ള യുവതികള്‍ പരസ്പരം പരിചയപ്പെടുന്നത്.
പരീക്ഷ പാസായി പരിശീലനം പൂർത്തിയാക്കിയ ശേഷം ഇരുവരും ഒരേ പൊലീസ് സ്റ്റേഷനില്‍ നിയമിതരാവുകയും ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തു. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വിവാഹ ചടങ്ങുകള്‍ക്കായി ഇരുവരും ഒരേ വിവാഹ ക്ഷണക്കത്ത് അടിപ്പിച്ചാണ് പൊലീസ് സ്റ്റേഷനില്‍ അവധിക്ക് അപേക്ഷ നല്‍കിയത്. ഇതോടെയാണ് ഇവരുടെ വിവാഹ വിവരം സഹപ്രവർത്തകരും ഉദ്യോഗസ്ഥരും അറിയുന്നത്.
തുടർന്ന് വാർത്ത സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചർച്ചയായി മാറി. വിവാഹ വാർത്ത അറിഞ്ഞ യുവതികളില്‍ ഒരാളുടെ കുടുംബം ബന്ധത്തെ ശക്തമായി എതിർത്തു. അവർ പിംപ്രി-ചിഞ്ച്‌വഡ് പൊലീസ് സ്റ്റേഷനിലെത്തി മുതിർന്ന ഉദ്യോഗസ്ഥരെ കാണുകയും വിവാഹം തടയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ തികച്ചും വ്യക്തിപരമായ കാര്യമായതിനാല്‍ ഇതില്‍ ഔദ്യോഗികമായി ഇടപെടാൻ കഴിയില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.






