പരവൂർ: വീടിന് മുന്നില്‍ ഓട്ടോറിക്ഷ പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് തലയ്ക്ക് വെട്ടേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആള് മരിച്ചു.
ഓട്ടോ ഡ്രൈവറായ പരവൂർ കോട്ടപ്പുറം ഉഷസില്‍ വാടകയ്ക്കു താമസിച്ചിരുന്ന ബാലചന്ദ്രൻ ഉണ്ണിത്താൻ (62) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു ബാലചന്ദ്രന്റെ മരണം സംഭവിച്ചത്. സംഭവത്തില്‍ പ്രതി പരവൂർ കോട്ടപ്പുറം പുതിയിടത്ത് തെക്കേവീട്ടില്‍ തൊടിയില്‍ ഉല്ലാസ് മോഹൻ (സായിപ്പ്-40) റിമാൻഡിലാണ്.
ജൂലൈ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലചന്ദ്രൻ ഉണ്ണിത്താൻ വാടകയ്ക്ക് താമസിക്കുന്ന കോട്ടപ്പുറത്തെ വീടിനു മുന്നില്‍ ഓട്ടോ പാർക്ക് ചെയ്തത് ഉല്ലാസ് ചോദ്യം ചെയ്യുകയും, തുടർന്ന് വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. ഇതോടെ കയ്യില്‍ കരുതിയിരുന്ന വലിയ കത്തി ഉപയോഗിച്ച് ഉല്ലാസ് ബാലചന്ദ്രന്റെ തലയ്ക്ക് വെട്ടുകയുമായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. പിടിച്ചുമാറ്റാനായി എത്തിയ ബാലചന്ദ്രന്റെ മകനും സുഹൃത്തിനും വെട്ടേറ്റിരുന്നു.
ആക്രമണത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ബാലചന്ദ്രൻ ഒരു മാസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ: ശ്രീകല, മക്കള്‍: ഭരത്, ഭാവന. സംസ്കാരം ഇന്ന് വൈകിട്ട് മകളുടെ വസതിയില്‍.






