പത്തനംതിട്ട : മോഹന്‍ലാല്‍ നായകനായ അതിമനോഹരം എന്ന സിനിമയ്ക്ക് ശബരിമലയില്‍ ചിത്രീകരണത്തിന് അനുമതി നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തരുണ്‍ മൂര്‍ത്തിയാണ് അതിമനോഹരം സംവിധാനം ചെയ്യുന്നത്. ഉപാധികളോടെയാണ് സന്നിധാനത്തും പരിസരത്തും വെച്ച് സിനിമ ഷൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നത്.
സിനിമയുടെ സ്ക്രിപ്റ്റ് പൂര്‍ണമായും ബോര്‍ഡിന് കൈമാറണം എന്നതാണ് ഒരു ഉപാധി. ശബരിമലയേയോ ക്ഷേത്ര സങ്കല്‍പ്പത്തെയോ വിശ്വാസത്തെയോ മോശമാക്കുന്ന ഭാഗങ്ങള്‍ സ്ക്രിപ്റ്റില്‍ പാടില്ല. ഷൂട്ടിങ്ങിന് മുന്‍പ് 50000 രൂപ ബോര്‍ഡില്‍ കെട്ടിവെയ്ക്കണം. ചിത്രീകരണത്തിന് വനം വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന ഉപാധിയും വെച്ചിട്ടുണ്ട്.
നേരത്തെ മകരവിളക്ക് കാലത്ത് ശബരിമലയില്‍ അനുമതിയില്ലാതെ സിനിമാ ചിത്രീകരണം നടത്തിയത് വിവാദമായിരുന്നു. ഇത്തവണ അനുമതിക്ക് അപേക്ഷ നല്കി അതിന്മേലാണ് തീരുമാനമെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ശബരിമലയില്‍ ചിത്രീകരിക്കുക. കഴിഞ്ഞ ദിവസം തരുണ്‍ മൂര്‍ത്തി ദേവസ്വം ബോര്‍ഡ് ഓഫീസില്‍ എത്തുകയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ കെ ജയകുമാര്‍ ഉള്‍പ്പടെയുള്ളവരോട് കൂടിക്കാഴ്ച നടക്കുകയും ചെയ്തിരുന്നു.
തുടരും എന്ന ചിത്രത്തിനു ശേഷം അടുത്ത മോഹന്‍ലാല്‍-രുണ്‍ മൂര്‍ത്തി ചിത്രമാണ് ‘അതിമനോഹരം’. ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദ്യമായി എത്തുന്ന മോഹന്‍ലാല്‍ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്.






