തൃശൂര്‍ : ഒളിവില്‍ കഴിയുന്ന അര്ജുന് ആയങ്കിക്കായി പൊലീസ് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കി. ആഭ്യന്തര മന്ത്രിയെയും പൊലീസ് ഉദ്യോഗസ്ഥരെയും സോഷ്യല്‍ മീഡിയയിലൂടെ വെല്ലുവിളിച്ചാണ് അർജുൻ ഒളിവിൽ തുടരുന്നത്. പ്രതിയെ കണ്ടെത്താന്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പത്തംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഇതിനിടെ, 'ഞാന്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്തുണ്ട്' എന്ന് അര്ജുന് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാളുടെ സഹോദരന് അഖിലിനെ തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര പരിസരത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ നിലവില്‍ തൃശൂര്‍ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
അര്‍ജുന്റെ ഫോണ്‍ ലൊക്കേഷന്‍ തൃശൂരില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരത്തില്‍ പൊലീസ് അരിച്ചുപെറുക്കി പരിശോധന നടത്തുകയാണ്. പ്രതി സഞ്ചരിച്ച വാഹനം പാലിയേക്കര ടോള്‍ പ്ലാസ കടന്നുപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊച്ചിയിലിരുന്നാണ് മുന്‍പ് ഇന്‍സ്റ്റാഗ്രാമില്‍ ഭീഷണി പോസ്റ്റുകള്‍ പങ്കുവെച്ചതെന്ന് വ്യക്തമായിരുന്നെങ്കിലും അര്‍ജുന്റെ ഫോണ്‍ പൊലീസിനെ വഴിതിരിച്ചുവിടാന്‍ മറ്റാരെങ്കിലും കൈകാര്യം ചെയ്യുന്നുണ്ടോ എന്നും സംശയമുണ്ട്.
ആഭ്യന്തരമന്ത്രിക്കെതിരെയും പൊലീസിനെതിരെയും ഒളിവിലിരുന്ന് ഭീഷണി സന്ദേശങ്ങള്‍ അയച്ച പശ്ചാത്തലത്തിലാണ് നിലവിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് തലേന്ന് കോതമംഗലത്തെ റിസോര്‍ട്ടില്‍ വെച്ച് കരുതല്‍ തടങ്കലിലെടുത്തതിലുള്ള വൈരാഗ്യത്തിലാണ് അര്ജുന് കോതമംഗലം, ഊന്നുകല്‍ എസ്.എച്ച്.ഒമാരെ ഭീഷണിപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്.






